പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടവിമുക്തമാക്കാൻ അടിയന്തര നടപടികളെടുത്തതായി മന്ത്രി സജി ചെറിയാനു വേണ്ടി മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. അടിക്കടി അപകടമുണ്ടാവുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പൂനെയിലെ സി.ഡബ്യു.പി.ആർ.എസ് ഡിസംബറിൽ റിപ്പോർട്ട് നൽകും. ഡേറ്റാ ശേഖരണത്തിന് 12ന് അവർ മുതലപ്പൊഴിയിലെത്തും. കാലവർഷത്തിന് മുൻപ് പൊഴി ഭാഗത്ത് മണ്ണടിയുന്നതാണ് അഴിമുഖത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള കാരണം. ഒരു വർഷമായി അഴിമുഖത്തും ചാനലിലും അദാനി പോർട്ട് ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല.
അടിയന്തരമായി ഡ്രഡ്ജിംഗ് നടത്തുന്നതിനും ചാനൽ മാർക്ക് ചെയ്യുന്നതിനും ബോയെ സ്ഥാപിക്കുന്നതിനും അദാനി പോർട്സിന് നിർദ്ദേശം നൽകി (പ്രവൃത്തികൾ നടത്തിയില്ലെങ്കിൽ നിയമ നടപടിയെടുക്കും)
അഴിമുഖത്തും ചാനലിലും ചിതറിക്കിടക്കുന്ന കല്ലുകൾ ലോംഗ് ബൂം എസ്ക്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. കല്ലുകൾ നീക്കിയതിന് ശേഷം മണ്ണ് നീക്കം ആരംഭിക്കും.
വിഴിഞ്ഞം തുറമുഖ പ്രദേശത്തു നിന്ന് ഡ്രഡ്ജറെത്തിച്ച് ഡ്രജ്ജിംഗ് തുടങ്ങും.
മണ്ണ് നീക്കം ചെയ്യുന്നതിനാവശ്യമായ എക്സ്കവേറ്റർ അദാനി എത്തിക്കും.
▪️ഹാർബറിൽ 24മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാക്കും.
പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം സാദ്ധ്യമാക്കുന്നതിന് റിമോർട്ട് കൺട്രോൾഡ് ബോയെ വാങ്ങും.
രക്ഷാ പ്രവർത്തനം സുഗമമാക്കുന്നതിന് പ്രധാന റോഡിൽ നിന്ന് വടക്കേ പുലിമുട്ടിലേക്കുളള അപ്രോച്ച് റോഡ് നവീകരിക്കും.
ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കേ പുലിമുട്ടിന്റെ വടക്കു ഭാഗത്തേക്ക് യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നിക്ഷേപിക്കാനുള്ള സാന്റ് ബൈപ്പാസിംഗ് സംവിധാനം സ്ഥാപിക്കും.
ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് അടിയുന്ന മണ്ണ് ലോറിയിൽ നിറച്ച് വടക്കേ പുലിമുട്ടിന്റെ വടക്കു ഭാഗത്ത് നിക്ഷേപിക്കും.
ഹാർബറിൽ 6 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. സോളാർ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡിന് സപ്ലൈ ഓർഡർ നൽകി.
ഹാർബറിലെ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി 10 പേരടങ്ങുന്ന പരിശീലനം നേടിയ 30 ലൈഫ് ഗാർഡുമാരെ നിയോഗിക്കും.
രക്ഷാപ്രവർത്തനത്തിന് 3 ബോട്ടുകളും ഹാർബറിൽ ലഭ്യമാക്കും.
തുറമുഖം അടച്ചിടേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വി.ശശിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മുതലപ്പൊഴി തുറമുഖം അപകട വിമുക്തമാക്കാൻ നടപടി





0 Comments