തൃശ്ശൂർ : ഡി.വൈ.എഫ്.ഐ.യുടെ കാൽനടജാഥകൾ പൂർത്തിയാക്കിയശേഷം ജില്ലാ കമ്മിറ്റി യോഗം വിളിക്കാനുള്ള തീരുമാനം സി.പി.എം. മാറ്റി. ജാഥകൾ പൂർത്തിയാക്കുംമുന്നേത്തന്നെ, ചൊവ്വാഴ്‌ച വൈകീട്ട് സി.പി.എം. ജില്ലാ കമ്മിറ്റി യോഗവും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേരും.
വൈകീട്ട് അഞ്ചിനാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം. 5.30-ന് ജില്ലാ കമ്മിറ്റി യോഗവും ചേരും. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖന് നേരെ ഉയർന്ന ആരോപണം ചർച്ചചെയ്യാനും നടപടിയെടുക്കാനുമാണ് യോഗം ചേരുന്നതെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ. ജില്ലയിൽ നടത്തുന്ന ജാഥയുടെ ക്യാപ്റ്റനായി ആദ്യം തീരുമാനിച്ചത് എൻ.വി. വൈശാഖനെയാണ്. എന്നാൽ, ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖന് എതിരേ പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ച സി.പി.എം., വൈശാഖനെ ജാഥാക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയായിരുന്നു.
ആരോപണങ്ങൾ നേരിട്ട സാഹചര്യത്തിൽ നിർബന്ധിത അവധിയിൽ പോകാനാണ് പാർട്ടി നിർദേശിച്ചത്. അവധിയിൽ പ്രവേശിച്ച വൈശാഖൻ ഡി.വൈ.എഫ്.ഐ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ വേദിയിൽ എത്തിയത് വിവാദമായിരുന്നു. ജാഥയിൽനിന്ന് മാറ്റിനിർത്തിയതല്ല, അസുഖം കാരണം ചികിത്സയിൽ പോകുന്നതിനാൽ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.
ചികിത്സയ്ക്കായി പോയ വ്യക്തി ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് പാർട്ടിക്കും സംഘടനയ്ക്കും അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തിയിരുന്നു. ഇക്കാര്യം ചർച്ചചെയ്യാനും സി.പി.എം. തീരുമാനിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്‌ച വൈകീട്ട് ജില്ലാ കമ്മിറ്റി-ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ സി.പി.എം. അടിയന്തരമായി വിളിച്ചുചേർത്തത് എന്നാണ് സൂചന. പരാതിയുടെയും ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന്റെയും പേരിൽ വൈശാഖന് എതിരേ ജില്ലാ കമ്മിറ്റി-ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.
കോടിയേരി പറഞ്ഞിട്ടുംകൊടിതാഴ്‌ത്താതെ ഗ്രൂപ്പിസം
തൃശ്ശൂർ: സി.പി.എം. സെക്രട്ടറിയായിരിക്കെ സംഘടന എന്ന പ്രത്യേക അജൻഡയിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കർശനനിർദേശം മുന്നോട്ടുവെച്ചു. തൃശ്ശൂർ ജില്ലയിൽ ഗ്രൂപ്പിസമാണ് പ്രശ്‌നമെന്നും അത് ഉടൻ അവസാനിപ്പിക്കണമെന്നുമായിരുന്നു കോടിയേരിയുടെ നിർദേശം.
ഒാരോ നേതാവും ഒാരോ ഗ്രൂപ്പായി മാറുന്ന സ്ഥിതിയിലേക്കാണ് തൃശ്ശൂർ ജില്ലയിൽ പാർട്ടിയുടെ പോക്കെന്ന് അന്ന് കോടിയേരി തുറന്നടിച്ചിരുന്നു. ഇത് പ്രശ്‌നങ്ങളിലേക്ക് പോകുമ്പോൾ ചിലരുടെ പേരിൽ നടപടിയുണ്ടാകുകയും അത് പാർട്ടിയെ ക്ഷയിപ്പിക്കുകയും ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു. അതോടെ ജില്ലയിൽ വ്യക്തിഗത ഗ്രൂപ്പിസത്തിന് അറുതിവന്നെങ്കിലും കോടിയേരി ഒഴിഞ്ഞതോടെ മുതിർന്ന നേതാക്കളുടെ ഗ്രൂപ്പിസം ശക്തമായി.
ജില്ലയിൽ പാർട്ടിയുടെ തലപ്പത്തുള്ള മുതിർന്ന അഞ്ച് നേതാക്കളാണ് ഇപ്പോൾ ചേരിതിരിഞ്ഞ് ശക്തി തെളിയിക്കാൻ അണികളെ സ്വന്തം പക്ഷത്താക്കുന്നതെന്നാണ് വിവരം. ജനവിധി തേടിയവരും ജയിച്ചവരും തോറ്റവരും സെക്രട്ടറിമാരായിരുന്നവരും പാർട്ടിയിലേക്ക് തിരികെയെത്തിയവരുമെല്ലാം സ്വന്തം ഗ്രൂപ്പുണ്ടാക്കി മത്സരിക്കുകയാണ്. ഒരു നേതാവിനോടുള്ള അഭിപ്രായവ്യത്യാസംപോലും പുതിയ ഗ്രൂപ്പുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.
പാർട്ടിയിലെ ഇത്തരം അപചയങ്ങൾ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നതും പരാതിപ്പെട്ടിരുന്നതും യുവതലമുറയായിരുന്നു. ഇപ്പോൾ അത്തരം അംഗങ്ങളുടെ കുറവ് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും പ്രതിഫലിക്കുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായവരെ വളർത്തിെയടുക്കാൻ എല്ലാ ഗ്രൂപ്പുകാരും ശ്രമിക്കുന്നതോടെ പാർട്ടിയിൽ നിഷ്‌പക്ഷശബ്‌ദത്തിന് ഇടമില്ലാതായി. ഡി.വൈ.എഫ്.െഎ.യുടെ പ്രവർത്തനശൈലിയിലെ മാറ്റവും പാർട്ടിയുടെ നിഷ്‌പക്ഷപ്രവർത്തകരുടെ എണ്ണം കുറയാൻ വഴിയൊരുക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഡി.വൈ.എഫ്.െഎ.യിലേക്ക് എത്തുന്നവരിലേറെയും സാധാരണക്കാർക്കിടയിൽ പൊതുരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള നിഷ്‌പക്ഷവാദികളായിരുന്നു.
കുറച്ചുനാളായി ഡി.വൈ.എഫ്.െഎ.യുടെ നേതൃനിരയിലേക്ക് എത്തുന്നവരിൽ ഏറെയും എസ്.എഫ്.െഎ.യിലെ പ്രവർത്തനപരിചയം മാത്രമുള്ളവരാണ്. ഇവരിൽനിന്ന് തങ്ങൾക്ക് േവണ്ടപ്പെട്ടവരെ നേതാക്കൾ പാർട്ടിയിലേക്ക് എത്തിക്കുന്നതോടെ എതിർശബ്ദവും ഇല്ലാതാകുന്നു.
ആരോപണങ്ങൾ നേരിട്ട സാഹചര്യത്തിൽ നിർബന്ധിത അവധിയിൽ പോകാനാണ് പാർട്ടി നിർദേശിച്ചത്. അവധിയിൽ പ്രവേശിച്ച വൈശാഖൻ ഡി.വൈ.എഫ്.ഐ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ വേദിയിൽ എത്തിയത് വിവാദമായിരുന്നു. ജാഥയിൽനിന്ന് മാറ്റിനിർത്തിയതല്ല, അസുഖം കാരണം ചികിത്സയിൽ പോകുന്നതിനാൽ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.





0 Comments