/uploads/news/news_'സിപിഎമ്മുകാർ_6_തവണ_കൊല്ലാൻ_ശ്രമിച്ചു,_..._1688379940_5383.png
NEWS

'സിപിഎമ്മുകാർ 6 തവണ കൊല്ലാൻ ശ്രമിച്ചു, ഗൂഢാലോചന ഇപ്പോഴും തുടരുന്നു': കെ. സുധാകരൻ


തിരുവനന്തപുരം: സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. ഇതു സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതുമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയവർ ഇന്ന് പാർട്ടിയിലും സർക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നെന്നും സുധാകരൻ പറയുന്നു.

പയ്യന്നൂർ, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങൾ താൻ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിൻറെ നമ്പർ പ്ലേറ്റ് മാറ്റിയും കാർ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ൽ താൻ ഡിസിസി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകൾ ഉണ്ടായത്. സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ടെന്നു സുധാകരൻ പറഞ്ഞു.

സിപിഎം തയാറാക്കിയ നിരവധി വധശ്രമങ്ങൾ പല കാരണങ്ങളാൽ നടക്കാതെപോയതിനെക്കുറിച്ച് പിന്നീട് താൻ കേട്ടിട്ടുണ്ട്. സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിച്ചാരിച്ചാലേ അത്  നടക്കൂ എന്ന് ദൈവവിശ്വാസിയായ താൻ വിശ്വസിക്കുന്നു. ജീവൻ കൊടുക്കാൻ തയാറായി തന്നെ സംരക്ഷിക്കുന്ന പാർട്ടിക്കാർക്ക് വേണ്ടി താൻ ജീവൻ കൊടുത്തും പോരാടുമെന്ന് സുധാകരൻ പറഞ്ഞു.

വധ ശ്രമങ്ങളെ കുറിച്ച് സുധാകരൻ പറയുന്നതിങ്ങനെ: -

ഇപ്പോൾ തനിക്കെതിരേ മൊഴി നല്കിയ പ്രശാന്ത് ബാബു കണ്ണൂരിൽനിന്ന് സിപിഎമ്മിൻറെ ഉരുക്കുകോട്ടയായ കൂത്തുപറമ്പിൽ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോൾ ഗൃഹപ്രവേശനത്തിന് തന്നെ നിർബന്ധപൂർവം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോൾ ഒരു സിപിഎമ്മുകാരൻ തൻറെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി. തുടർന്ന് നിജസ്ഥിതി അറിയാൻ താൻ ഒരു പാർട്ടി പ്രവർത്തകനെ അയയ്ക്കുകയും അയാൾ സൈക്കിൽ പോയി നോക്കിയപ്പോൾ, വഴിമധ്യേയുള്ള ക്വാറിയിൽ ഒരുപറ്റം സിപിഎമ്മുകാർ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടിൽ കയറി തന്നെ ഫോൺ ചെയ്തതുകൊണ്ടാണ് അന്നു പോകാതിരുന്നത്. കൂടാതെ പേരാവൂർ വെള്ളാർ പള്ളിക്കടുത്തു വച്ച് തൻറെ അംബാസിഡർ കാറിനു ബോംബെറിഞ്ഞു. കാറിൻറെ പിറകിലെ ഗ്ലാസ് തകർത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോൾ തൻറെ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്. കാർ തകർന്നുപോകുയും കൂടെയുണ്ടായിരുന്നവർക്ക് പരിക്കേല്ക്കുകയും ചെയ്തു.

താഴെചൊവ്വയിൽ വച്ച് കാറിലുണ്ടായിരുന്ന മൂത്ത സഹോദരനെ ആൾമാറിയാണ് ബോംബെറിഞ്ഞത്. താനുമായി സാമ്യമുള്ള പട്ടാളക്കാരനായ ജേഷ്ഠസഹോദരൻ അവധിക്കു വന്നപ്പോൾ വീട്ടിലെ കുരുമുളകും അടയ്ക്കയും മറ്റും വില്ക്കാൻ തൻറെ കാറിൽപോകുകയായിരുന്നു. സിപിഎം സംഘം ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തി മറിഞ്ഞ കാറിൻറെ ചില്ലുപൊട്ടിച്ച് ജേഷ്ഠൻ ബോംബെറിഞ്ഞതിനെ തുടർന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് രക്ഷപ്പെട്ടു. സിപിഎമ്മുകാർ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്പാടി വാസുവിൻറെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടർന്നാണ്. കണ്ണൂരിലെ അക്രമപരമ്പരകൾക്കെതിരേ താൻ സമാധാന സന്ദേശയാത്ര നടത്തിയപ്പോൾ മട്ടന്നൂർ അയ്യല്ലൂരിൽ വച്ച് കല്ലേറ് ഉണ്ടായി. താൻ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് അടിച്ചുതകർത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമസക്തമായ സിപിഎം സംഘത്തിനു നേരേ ഗൺമാൻ വെടിവച്ചത്.

നാല്പാടി വാസു അന്നു ഡിവൈഎഫ്‌ഐ പ്രവർത്തകനൊന്നുമല്ല. ചായ കുടിക്കാൻ പീടികയിലെത്തിയ വാസു ബഹളം കേട്ട് ഒരു മരത്തിൻറെ ഇലകൾക്ക് മറഞ്ഞു നിന്നപ്പോഴാണ് വെടിയേറ്റത്.സിപിഎമ്മിൻറെ ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ കാണാൻ പയ്യന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണം ഉണ്ടായത്. അന്ന് ഗൺമാൻ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം താൻ രക്ഷപ്പെട്ടു. ഹൈക്കോടതി നിർദേശ പ്രകാരം അന്ന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎൽഎ താനായിരുന്നെന്ന് സുധാകരൻ അനുസ്മരിച്ചു. ഡിസിസി ഓഫീസീൽ നിന്ന് രാത്രി വൈകിയിറങ്ങുന്ന താൻ ഒരു ദിവസം രാത്രി പത്തരയോടെ ഇറങ്ങുമ്പോഴാണ് താഴെചൊവ്വയിൽ സിപിഎം കൊലയാളികൾ കാത്തിരിക്കുന്ന വിവരം ഒരാൾ വിളിച്ചുപറഞ്ഞത്. കാറിൻറെ നമ്പർ പ്ലേറ്റ് മാറ്റി ആ പ്രദേശത്തുകൂടി കടന്നുപോയപ്പോൾ ബോംബുമായി കാത്തിരിക്കുന്ന കൊലയാളി സംഘത്തെ താൻ കണ്ടെന്നും സുധാകർ പറഞ്ഞു.

തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു.

0 Comments

Leave a comment