/uploads/news/news_'പിണറായി_ഉള്‍പ്പെടെ_3_സിപിഎം_നേതാക്കളെ_വ..._1687258753_7854.png
NEWS

'പിണറായി ഉള്‍പ്പെടെ 3 സി.പി.എം നേതാക്കളെ വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി': പൊലീസ് ഹൈക്കോടതിയില്‍


കൊച്ചി: സിപിഎം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ തുടങ്ങിയവരെ വധിക്കാൻ നടത്തിയ ഗൂഢാലോചനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഭാഗമായിരുന്നുവെന്ന് പൊലീസ്. ഇപി ജയരാജൻ വധശ്രമ കേസുമായി ബന്ധപ്പെട്ട് പൊലീസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് 1995ൽ സിപിഎം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ എന്നിവരെ വധിക്കാനുള്ള ഗൂഡാലോചനയിൽ കെ സുധാകരനും ഭാഗമായിരുന്നുവെന്ന് പറയുന്നത്.

1995ൽ ആന്ധ്രാപ്രദേശിൽ ഓടുന്ന ട്രെയിനിൽ ജയരാജന് നേരെ വെടിയുതിർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ സുധാകരൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് പൊലീസ് റിപ്പോർട്ട് പുറത്തുവന്നതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേസിൽനിന്ന്‌ കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി അന്തിമവാദത്തിനായി ഈ മാസം ഇരുപത്തേഴിലേക്കു മാറ്റി.

സുധാകരനെതിരായ എല്ലാ തുടർ നടപടികളും സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി നീട്ടുകയും ചെയ്തിട്ടുണ്ട്. 1995ൽ കെ സുധാകരൻ മറ്റുള്ളവരുടെ സഹായത്തോടെ ഇപി ജയരാജൻ ഉൾപ്പടേയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് 2016 ഓഗസ്റ്റ് 10ന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നു പ്രധാന സാക്ഷികൾ.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകൻ എസ് യു നാസർ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുകയായിരുന്നു. അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയുമായിരുന്ന സുധാകരനും മൂന്നാം പ്രതി തലശ്ശേരിയിലെ രാജീവനും സിപിഎം നേതാക്കളുമായി രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.


തൈക്കാട് ഗസ്റ്റ് ഹൗസ്, തമ്പാനൂരിലെ ചില ലോഡ്ജുകൾ, ഡൽഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിലായിരുന്നു ഗൂഢാലോചന. തുടർന്ന് പഞ്ചാബിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് ജയരാജൻ ഡൽഹിയിൽ നിന്ന് മടങ്ങാനിരിക്കെ, കേരളത്തിന് പുറത്ത് എവിടെയെങ്കിലും വെച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.


ആസൂത്രണം ചെയ്തത് പോലെ നാലാം പ്രതി തലശ്ശേരി സ്വദേശി ശശിയും അഞ്ചാം പ്രതി കണ്ണൂരിലെ പി കെ ദിനേശനും 1995 ഏപ്രിൽ 11 ന് ഡൽഹിയിൽ നിന്ന് രാജധാനി എക്‌സ്പ്രസിൽ കയറി. ഇപി ജയരാജനും ഇതേ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ട്രെയിൻ ആന്ധ്രാപ്രദേശിലെ ചിരാല റെയിൽവേ സ്‌റ്റേഷനു സമീപമെത്തിയപ്പോൾ അഞ്ചാം പ്രതി ജയരാജനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് റിവോൾവറിൽ നിന്ന് രണ്ട് റൗണ്ട് വെടിയുതിർത്തു. കഴുത്തിൽ വെടിയേറ്റ ജയരാജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അന്തരിച്ച സിഎംപി നേതാവും മുൻ മന്ത്രിയുമായ എം വി രാഘവനായിരുന്നു കേസിലെ രണ്ടാം പ്രതി. നാലാം പ്രതി ശശിയും വിചാരണയ്ക്കിടെ അന്തരിച്ചു. സുധാകരനും മൂന്നാം പ്രതി രാജീവനും എതിരായ വിചാരണ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടന്ന് വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിരാലയിലെ റെയിൽവേ പോലീസും കേസെടുത്തിരുന്നു, കൂടാതെ നാലാമത്തെയും അഞ്ചാമത്തെയും പ്രതികൾക്കെതിരെ ആന്ധ്രാപ്രദേശിലെ ഓംഗോളിലെ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കുകയും ക്രിമിനൽ ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളിൽ നിന്ന് ദിനേശിനെ വെറുതെ വിടുകയും ചെയ്തു.

ഇതോടെ, സിആർപിസി സെക്ഷൻ 300 പ്രകാരം കുറ്റവിമുക്തനാക്കിയ വ്യക്തിയെ വീണ്ടും വിചാരണ ചെയ്യാൻ പാടില്ലെന്ന നിയമതടസ്സം ഉള്ളതിനാൽ തിരുവനന്തപുരത്തെ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിൽ ദിനേശനെ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതേസമയം, പോലീസ് സമർപ്പിച്ച കുറ്റപത്രം ദുരുദ്ദേശ്യപരമാണെന്നാണ് സുധാകരൻ തന്റെ ഹർജിയിൽ വാദിക്കുന്നത്. 1995 ലാണ് സംഭവം നടന്നത്, പരാതിക്കാരനും പ്രോസിക്യൂഷനും തന്നെ പ്രതിയാക്കി നിയമപരമായി നിലനിൽക്കാൻ കഴിയാത്ത വിവിധ നടപടികൾ സ്വീകരിച്ചു. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും സുധാകരൻ വാദിക്കുന്നു. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി രാജീവനും ഹർജി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകൻ എസ് യു നാസർ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുകയായിരുന്നു. അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയുമായിരുന്ന സുധാകരനും മൂന്നാം പ്രതി തലശ്ശേരിയിലെ രാജീവനും സിപിഎം നേതാക്കളുമായി രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

0 Comments

Leave a comment