തിരുവനന്തപുരം : സമൂഹത്തിൽ വർധിച്ച് വരുന്ന അധാർമ്മികതകൾക്കെതിരെ പ്രതികരിക്കുവാനും, സമൂഹത്തെ ബോധവൽകരിക്കാനും പ്രൊഫഷണലുകൾ രംഗത്ത് വരണമെന്ന് വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആറ്റിങ്ങൽ പാലാംകോണത്ത് സംഘടിപ്പിച്ച പ്രൊഫഷണൽ & ടീച്ചേഴ്സ് വിംഗ് ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
വിവിധ തൊഴിൽ മേഖലകളിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് സംഘടനകൾ വിട്ട് നിൽക്കുകയും, ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ടീച്ചേഴ്സ് കോൺഫറൻസ്, പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് എന്നിവയുടെ ജില്ലാ തല പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. വിസ്ഡം പ്രൊഫഷണൽ വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ഡോ.സി.മുഹാസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം പി.ലുബൈബ് , ടീച്ചേഴ്സ് വിംഗ് സംസ്ഥാന കൺവീനർ ഹാരിസ് ഫാറൂഖി എന്നിവർ പ്രസംഗിച്ചു .
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ വൈസ് പ്രസിഡന്റും, പ്രൊഫഷണൽ വിംഗ് ജില്ലാ ചെയർമാനുമായ ജമീൽ പാലാംകോണം സ്വാഗതവും , ട്രഷറർ മുഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു.
അധാർമ്മികതകൾക്കെതിരെ സമൂഹത്തെ ബോധവൽകരിക്കുവാൻ പ്രൊഫഷണലുകൾ രംഗത്ത് വരണം : വിസ്ഡം യൂത്ത്





0 Comments