/uploads/news/news_ഒപ്പം_ഏകദിന_ശില്പശാല_സംഘടിപ്പിച്ചു._1734763850_5724.jpg
NEWS

ഒപ്പം ഏകദിന ശില്പശാല സംഘടിപ്പിച്ചു.


 

വിളപ്പിൽ: കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. വിളപ്പിൽശാല നൂലിയോട് സേവാ കേന്ദ്രത്തിൽ വച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. 

വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒപ്പം പദ്ധതി കൺവീനർ ഷീജ ബീഗം സ്വാഗതമാശംസിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസർ വി.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറർ അനീഷ് കുമാർ.വി മുഖ്യാതിഥിയായി. തുടർന്ന് ആരോഗ്യം - വിദ്യാഭ്യാസം, കല - സാംസ്കാരികം, സംരംഭവും സ്ത്രികളും, സ്ത്രീ പഠനവും വിശകലനവും എന്നീ വിഷയങ്ങളെ സംബന്ധിച്ച്  4 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച സംഘടിപ്പിച്ചു. 

സ്ത്രീ നീതി പരിരക്ഷിക്കുന്നതിന് തടസ്സം നിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ പ്രതിരോധിച്ചു കൊണ്ടും മറികടന്നു കൊണ്ടും മുന്നോട്ട് പോകുന്നതിന് ആവശ്യമായ ശക്തിയും കരുത്തും കൈവരിക്കാൻ സ്ത്രീകളെ സജ്ജരാക്കുക എന്നതാണ് ഒപ്പം പദ്ധതിയുടെ രണ്ടാംഘട്ടത്തിൻ്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം. കാട്ടാക്കട മണ്ഡലത്തിലെ ഓരോ പഞ്ചായത്തിനെയും പ്രതിനിധീകരിച്ച് പഞ്ചായത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന 10 പേർ വീതമാണ് ശില്പശാലയിൽ പങ്കെടുത്തത്. 
 ഗ്രൂപ്പ് ചർച്ചയെ തുടർന്ന് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുന്നതിനായി ഐ.ബി.സതീഷ് എംഎൽഎ ചെയർമാനും പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മല്ലിക കോർഡിനേറ്ററുമായ ഒപ്പം മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ചർച്ചയിലൂടെ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ പ്രോജക്റ്റ് രൂപേണ തയ്യാറാക്കി പഞ്ചായത്തടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. 

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് ഒപ്പം പദ്ധതിയുടെ രണ്ടാം ഘട്ടം സമഗ്രമായി നടത്തുന്നതിന് സഹായകരമാകും ഒപ്പം ശില്പശാല എന്നും  ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു അഭിപ്രായപ്പെട്ടു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വത്സലകുമാരി, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.സുരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, കില പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക - സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.

ഒപ്പം ഏകദിന ശില്പശാല സംഘടിപ്പിച്ചു.

0 Comments

Leave a comment