/uploads/news/news_നിപ:_സമ്പര്‍ക്കപ്പട്ടികയില്‍_702_പേര്‍,_..._1694602370_6216.png
NEWS

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍, മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിലായി 702 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

അതിനിടെ, രോഗം ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദ് അലിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22നാണ് മുഹമ്മദലിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. 23ന് വൈകീട്ട് ഏഴിന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. 25ന് രാവിലെ 11ന് ഗ്രാമീൺ ബാങ്കിന്റെ മുള്ളൻകുന്ന് ശാഖയിലും ഉച്ചയ്ക്ക് 12.30ന് കള്ളാട് ജുമാ മസ്ജിദിലുമെത്തി.

26ന് ചികിത്സ തേടി ഡോ. ആസിഫ് അലിയുടെ ക്ലിനിക്കിലെത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30വരെ ഇവിടെയുണ്ടായിരുന്നു. 28ന് രാവിലെ 9.30ന് തൊട്ടിൽപാലം ഇഖ്റ റഹ്മ ഹോസ്പിറ്റലിൽ ചികിത്സ തേടി. ഈ യാത്രകളെല്ലാം കാറിലായിരുന്നു.

29ന് പുലർച്ചെ 12.02ന് മുഹമ്മദലിയെ ആംബുലൻസിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് മാറ്റി. 30നായിരുന്നു മരണം. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി

നിപ സംശയിച്ച് ഏഴ് സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. ഇതിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമിൽ ശേഖരിക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

കോണ്ടാക്ട് ട്രെയ്സിങ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം എന്നിവ കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച 19 കോർ കമ്മറ്റികളുടെ പ്രവർത്തനങ്ങളും കൺട്രോൾ റൂമിൽ അവലോകനം ചെയ്യുന്നുണ്ട്.

കൺട്രോൾ റൂമിലെ കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് കോൾ സെന്ററിന്റെ പ്രവർത്തനം. 0495- 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് സംശയനിവാരണം നടത്താം.

ഇതുവരെ 250 ലധികം ആളുകളാണ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടത്. രോഗലക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ, കണ്ടെയ്ൻമെന്റ് സോൺ സംബന്ധിച്ച വിവരങ്ങൾ, സെൽഫ് റിപ്പോർട്ടിങ് എന്നിവയാണ് പ്രധാനമായും ആളുകൾ അന്വേഷിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

0 Comments

Leave a comment