തിരുവനന്തപുരം: പുതുപ്പളളിയിൽ എൽഡിഎഫ് തോൽക്കുമെന്ന വിലയിരുത്തലുമായി സിപിഐ നേതൃത്വം. ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകൾക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയവും സിപിഐ ശരിവെയ്ക്കുന്നില്ല.
ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ മുന്നണിയുടെ തോൽവി പ്രവചിക്കുന്നത്. കോട്ടയത്ത് നിന്നുളള എക്സിക്യൂട്ടിവ് അംഗം സി കെ ശശിധരനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. നേരിയ വോട്ടുകൾക്കായിരിക്കും പരാജയം എന്നാണ് സിപിഐയുടെ വിലയിരുത്തൽ.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുളള സഹതാപ തരംഗം ശക്തമായിരുന്ന പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ പ്രചാരണം മുറുകിയതോടെ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാൻ കഴിഞ്ഞു. എങ്കിലും 53 വർഷകാലം മണ്ഡലത്തെ പ്രതിനീധികരിച്ച യുഡിഎഫ് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചേക്കുമെന്നാണ് സിപിഐയുടെ നിഗമനം.
മണ്ഡലത്തിൽ നടന്ന സുസംഘടിതമായ പ്രചാരണ പ്രവർത്തനത്തിൽ സിപിഐ റിപ്പോർട്ട് സിപിഐഎമ്മിനെ അഭിനന്ദിക്കുന്നുമുണ്ട്. ശക്തമായ മത്സരം നടന്ന പുതുപ്പളളിയിൽ പാർട്ടി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് 2000 മുതൽ 3000 വോട്ടുകൾക്ക് ജയിക്കുമെന്നാണ് സിപിഐഎമ്മിന്റെ കണക്ക്. അത് തളളികൊണ്ടാണ് ജെയ്ക്കിൻ്റെ തോൽവിയുടെ സാധ്യത സിപിഐ വിലിയിരുത്തുന്നത്. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന സിപിഐഎം ആരോപണവും സിപിഐ ശരിവെയ്ക്കുന്നില്ല. അത്തരമൊരു നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിപിഐ റിപ്പോർട്ടിലെ വിലയിരുത്തൽ.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍





0 Comments