/uploads/news/news_ഇന്നസെന്റ്_യാത്രയായി_1679852303_6786.jpg
Obituary

ഇന്നസെന്റ് യാത്രയായി


കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന നടൻ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.

അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.

തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്. സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. തുടർന്ന് അഭിനയത്തിൽ ഒരു കൈ പയറ്റാം എന്ന ധാരണയിൽ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തെത്തിയത്.
1972-ൽ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ. തുടർന്നും ചെറുവേഷങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. 
പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂൽ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനൽക്കാറ്റ്, ഉത്സവമേളം, മക്കൾ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവിൽക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയിൽ, ഡോക്ടർ പശുപതി, പൊൻമുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്സ്, തൂവൽകൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാൾ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണൻസ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലർ, സ്നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്കര വീരൻ, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.സ്കൂൾ പഠന കാലം മുതൽ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയിൽ എത്തുന്നതിന് മുൻപ് ഇരിഞ്ഞാലക്കുടയിൽ മുനിസിപ്പൽ കൗൺസിലറായി. 2014 മേയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2013-ൽ തൊണ്ടയ്ക്ക് അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നർമബോധത്തോടെയാണ് ഇന്നസെന്റ് ഓർത്തെടുത്തത്. ആ അനുഭവങ്ങൾ പ്രതിപാദിക്കുന്ന കാൻസർ വാർഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാണു ചെലുത്തിയത്. ഒട്ടേറെ പതിപ്പുകളുമായി കാൻസർ വാർഡിലെ ചിരി ഇപ്പോഴും രോഗികൾക്കും അല്ലാത്തവർക്കും പ്രചോദനമായി വിൽപ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകൾ), ഞാൻ ഇന്നസെന്റ്, ചിരിക്ക് പിന്നിൽ (ആത്മകഥ), കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.
1976 സെപ്തംബർ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകൾക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകൾ. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവർ പേരക്കുട്ടികളാണ്.


 

വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.

0 Comments

Leave a comment