തിരുവനന്തപുരം: ജീവിതകാലം മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റെ നിസ്വാർത്ഥ സേവകനായ നേതാവായിരുന്നു ഇന്ന് വിടപറഞ്ഞ ആനത്തലവട്ടം ആനന്ദൻ (86). ആനത്തലവട്ടത്തിന്റെ കരുത്തുറ്റ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളി വര്‍ഗ്ഗ നിലപാടുകളും ആർക്കും അവഗണിക്കാന്‍ സാധിക്കാത്തതായിരുന്നു.സിപിഐഎമ്മിന്റെ സംസ്ഥാനത്തെ സമുന്നതനായ നേതാക്കളില്‍ ഒരാളായിരിക്കുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ വലിയ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ അദ്ദേഹം ഒരിക്കലും പോയിട്ടില്ല.
1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. നിലവിൽ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമായിരുന്നു.
1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയ പ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാ പ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനത്തലവട്ടം പലവട്ടം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.
ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. സിപിഎം പാർട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.
1987 ൽ ആറ്റിങ്ങലിൽനിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ൽ വീണ്ടും മൽസരിച്ചെങ്കിലും 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ൽ ആറ്റിങ്ങലിൽത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ൽ കോൺഗ്രസിലെ സി. മോഹനചന്ദ്രനെതിരെ 11,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആനത്തലവട്ടം ജയിച്ചു കയറിയത്. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു. 1979-84 കാലഘട്ടത്തില്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ആനത്തലവട്ടം ആനന്ദന്‍.
തൊഴിലാളി വിഷയങ്ങളില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും സര്‍ക്കാര്‍ സമീപനത്തിലെ തൊഴിലാളി വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിക്കാനും ആനത്തലവട്ടം ആനന്ദന്‍ മടിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെയും മാനേജ്മെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമായിരുന്നു ആനത്തലവട്ടം ആനന്ദന്‍ ഉയര്‍ത്തിയത്. തൊഴിലാളിയെ വളര്‍ത്തുനായയെപ്പോലെയാണ് മാനേജ്മെന്റ് കാണുന്നതെന്ന് കുറ്റപ്പെടുത്തിയ ആനത്തലവട്ടം, ടിക്കറ്റ് വിറ്റുകിട്ടുന്നത് മഞ്ചാടിക്കുരു അല്ലെന്നും മാനേജ്മെന്റിനെ ഓര്‍മ്മിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
തൊഴിലാളി വിഷയങ്ങളില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും സര്‍ക്കാര്‍ സമീപനത്തിലെ തൊഴിലാളി വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിക്കാനും ആനത്തലവട്ടം ആനന്ദന്‍ മടിച്ചിട്ടില്ല.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments