/uploads/news/news_സുപ്രീംകോടതിയിലെ_ആദ്യവനിത_ജഡ്ജി_ജസ്റ്റിസ..._1700726558_121.jpg
Obituary

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു


തിരുവനന്തപുരം: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. ഇന്ന് രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു. 

പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച ഫാത്തിമ ബീവി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസ്‌.സി ബിരുദം നേടി. അതിനു ശേഷം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ നിന്ന് ബി.എൽ പാസായി. 

1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്. 

കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.

0 Comments

Leave a comment