/uploads/news/2106-IMG_20210801_120304.jpg
Obituary

അഞ്ചുപേർക്ക് പുതുജീവിതം നൽകി ജെറി വർഗീസ് യാത്രയായി.


തിരുവനന്തപുരം: സ്കൂട്ടറപകടം ആ ജീവൻ കവർന്നെടുത്തില്ലായിരുന്നുവെങ്കിൽ ജെറി വർഗീസ് ഇനിയും ദീർഘനാൾ ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജെലീന ജെറി വർഗീസും ഏകമകൾ രണ്ടുവയസുകാരി ലിൻസി പി എബ്രഹാമും ജീവിതത്തിലേയ്ക്ക് ജെറി മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. മറ്റുള്ളവരുടെ ഏതൊരു സന്തോഷവും ജെറിയുടെ മനം നിറയ്ക്കുമായിരുന്നു. ഒടുവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ജീവിതം വഴിമുട്ടിനിൽക്കുന്നവർക്കുമുന്നിൽ ആശ്വാസവും സന്തോഷവും പകർന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു. ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒൻപതരയോടെയാണ് മണ്ണന്തല ടി സി 10/ 1612-3 കരിമാംപ്ലാക്കൽ വീട്ടിൽ ജെറിവർഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്കൂട്ടറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബൈജൂസ് ലേണിംഗ് ആപ്പിലെ ബിസിനസ് ഡവലപ്പ്മെന്റ് അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോൾ മണ്ണന്തലയ്ക്ക് സമീപം കോട്ടമുകളിൽ വച്ച് സ്കൂട്ടർ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു. മസ്തിഷ്കമരണാനന്തര അവയവദാനത്തെക്കുറിച്ച് എന്നും അനുകൂല നിലപാട് സ്വീകരിച്ചിരുന്നവരായിരുന്നു. ജെറിയും ഭാര്യ ജലീനയും. ഭർത്താവിന് സംഭവിച്ച അപകടവും മസ്തിഷ്കമരണവും ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദർഭത്തിൽ ജലീനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയിൽ ചികിത്സതേടുന്ന നിർധനരായ രോഗികളെയാണ് അവർക്ക് ആ ഘട്ടത്തിൽ ഓർമ്മവന്നത്. ഭർത്താവിന്റെ വിയോഗം സമ്മാനിച്ച ഹൃദയം നുറുങ്ങുന്ന വേദനയിലും അവർ തന്റെ ആഗ്രഹം ബ്രയിൻ ഡെത്ത് സർട്ടിഫിക്കേഷൻ പാനൽ അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അറിയിച്ചു.അദ്ദേഹം ജെലീനയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ചു. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ജലീനയുടെ തീരുമാനത്തെ അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകാപരമായ നിലപാടു സ്വീകരിച്ച ജെലീനയ്ക്ക് ആദരവറിയിച്ച ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ് മൃതസഞ്ജീവനി അധികൃതർക്ക് തുടർപ്രക്രിയകൾ സുഗമമാക്കാൻ വേണ്ട നിർദേശവും നൽകി.മൃതസഞ്ജീവനിയുടെ അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ റംലാബീവി, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ്, സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ സബീർ എന്നിവർ അവയവദാന പ്രവർത്തനം ഏകോപിപ്പിച്ചു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ,എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.

അഞ്ചുപേർക്ക് പുതുജീവിതം നൽകി ജെറി വർഗീസ് യാത്രയായി.

0 Comments

Leave a comment