/uploads/news/2339-IMG-20211011-WA0062.jpg
Obituary

നടന വിസ്മയം വിട വാങ്ങി.


തിരുവനന്തപുരം: അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. ദീർഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനില്ക്കുമെന്ന് തീർച്ച. അരവിന്ദന്റെ തമ്പിൽ അഭിനയിക്കാൻ എത്തിയ വേണുഗോപാലിൽ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂർത്തീകരണത്തിന്റെ ദശകങ്ങൾ. മലയാളിപ്രേക്ഷകർ നൂറിൽ നൂറ് മാർക്ക് നല്കിയ നടനാണ് നെടുമുടി.ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുതവണ നേടി. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടി. നാടൻപാട്ട്, കഥകളി, നാടകം, മൃദംഗം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചു.500-ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,1987,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നടന വിസ്മയം വിട വാങ്ങി.

0 Comments

Leave a comment