/uploads/news/news_പ്രമുഖ_വ്യവസായി_അറ്റ്ലസ്_രാമചന്ദ്രൻ_അന്ത..._1664772666_435.jpg
Obituary

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.


ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.രാമചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയാണ്. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപിച്ചിരുന്നു.

വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബല്‍ അലിയിലെ ശ്മശാനത്തില്‍.

അറ്റ്ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ്  അദ്ദേഹം ജനകീയനായത്. 'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.

ബിസിനസ്സിൽ വന്ന പിഴവുകളെ തുടർന്ന് 2015 ഓഗസ്റ്റിൽ അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായി. രണ്ടേമുക്കാൽ വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് വരാനായില്ല.

തന്റെ അറ്റ്ലസ് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാൽ ആ ശ്രമം വിജയം കണ്ടില്ല. തൃശൂർ സ്വദേശിയായ രാമചന്ദ്രൻ കേരളവർമ്മ കോളേജിൽ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയിൽ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ഓഫീസറായി ചേർന്നത്. പിന്നീട് ഇന്റർനാഷണൽ ഡിവിഷൻ മാനേജരായി സ്ഥാനകയറ്റം നേടി. തുടർന്നാണ് സ്വർണ വ്യാപാരത്തിലേക്ക് കടക്കുന്നത്. 

കുവൈറ്റിൽ ആറ് ഷോറൂമുകൾ വരെയായി വ്യാപാരം വ്യാപിപ്പിച്ച   അദ്ദേഹം തുടർന്നാണ് ദുബായിലെത്തുന്നത്. പിന്നീട് ദുബായിൽ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയിൽ 19 ഷോറൂമുകൾ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വർദ്ധിപ്പിച്ചു.

എന്നാൽ ഇതിനിടയിലാണ് ചില ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയിൽ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങൾക്കും ബാങ്കുകളുമായുള്ള ചർച്ചകൾക്കും ഒടുവിൽ രണ്ടേ മുക്കാൽ വർഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തൽക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീർത്തത്.

യുഎഇ യിലുള്ള ഷോറൂമുകളിലെ സ്വർണ്ണമെല്ലാം അതിനിടെ പല രീതിയിൽ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാൻ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു.

അറ്റ്ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ് അദ്ദേഹം ജനകീയനായത്. 'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.

0 Comments

Leave a comment