കൊച്ചി: വീട് വിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ 17കാരിയെ വിവിധ ജില്ലകളിലെത്തിച്ച് മദ്യംനൽകിയ ശേഷം ബലാത്സംഗം ചെയ്ത കേസിൽ 14 പേർ അറസ്റ്റിൽ. എറണാകുളം, കൊല്ലം, വയനാട് ജില്ലകളിൽ നിന്നാണ് അറസ്റ്റ്. കൊച്ചിയിൽ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. കൊല്ലം, വയനാട് ജില്ലകളിൽ നിന്നായി ആറുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എറണാകുളം സെൻട്രൽ, പാലാരിവട്ടം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരു വനിത ഉൾപ്പെടെ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി ഡൊനാൽഡ് വിൽസൺ ആണ് മുഖ്യപ്രതി. ഇയാളെയും ഇയാളുടെ സുഹൃത്തായ കൊല്ലം സ്വദേശി ആനന്ദ്, തിരുവനന്തപുരം സ്വദേശി ആഫിഫ് എന്നിവരെയും കൊല്ലം പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വയനാട്ടിലെ ഹോം സ്‌റ്റേ നടത്തിപ്പുകാരായ വിനോദ്, നിഖിൽ, കോഴിക്കോട് സ്വദേശി ഇർഫാൻ എന്നിവരെ വയനാട് അമ്പലവയൽ പോലിസാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പരാതി നൽകുകയും അന്വേഷണത്തിൽ തിരുവനന്തപുരത്ത് കണ്ടെത്തുകയുമായിരുന്നു. എറെ നാളുകൾക്ക് ശേഷം പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതോടെ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിലാണ് ആദ്യ കേസ് രജസ്റ്റർ ചെയ്തത്.
വീട് വിട്ടിറങ്ങിയ പെൺകുട്ടി എറണാകുളം ബസ്റ്റാൻഡിലെത്തിയപ്പോൾ ഡൊണാൾഡ് വിൽസൺ സൗഹൃദം സ്ഥാപിച്ച് വിവേകാനന്ദ റോഡിലെ ജെ.ജെ റെസിഡൻസി ഹോട്ടലിലെത്തിച്ച് മദ്യം നൽകി ബലാൽസംഗം ചെയ്യുകയായിരുന്നു. ഹോട്ടൽ ഉടമ ജോഷി തോമസ്, മാനേജർ അജിത്കുമാർ എന്നിവരെ കൂടി ഇയാൾ വിളിച്ചുവരുത്തുകയും ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
തിരികെ എറണാകുളം ബസ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ പന്തളം സ്വദേശി മനോജ് സോമൻ എന്നയാൾ സമീപിച്ച് ജോലി വാഗ്ദാനം ചെയ്തു. ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ച് മനോജും ലോഡ്ജ് ഉടമ കെ.ബി സലാമും പീഡിപ്പിച്ചു. പിന്നീട് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള ഉദയംപേരൂരിലെ ഗിരിജ എന്ന സ്ത്രീക്ക് കുട്ടിയെ കൈമാറി. ഇവർ കേരളത്തിലെ വിവിധ ജില്ലകളിലെത്തിക്കുകയും നിരവധി തവണ പലരും പീഡിപ്പിക്കുകയും ചെയ്തു. ജൂൺ 21നും ആഗസ്ത് നാലിനുമിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും പൊലിസ് കണ്ടെത്തി. എറണാകുളം, കൊല്ലം, തൃശൂർ, വയനാട് ജില്ലകളിൽ വച്ച് മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ തുടരന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്.





0 Comments