/uploads/news/news_എൽഡിഎഫ്_കൺവീനർ_സ്ഥാനം_ഒഴിയാനുറച്ച്_ഇപി__..._1672051634_2529.png
POLITICS

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനുറച്ച് ഇ.പി ജയരാജൻ


കണ്ണൂര്‍ : മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ മുതിര്‍ന്ന നേതാവ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മറുപടി. നിലവിലെ സാഹചര്യത്തിൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് തന്നെ പോകും. അങ്ങനെയെങ്കിൽ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാർട്ടി അന്വേഷണ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ടെന്നുമാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ആണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത ഇ പി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന. 

സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ മറുപടി നൽകാനാണ് ഇ പിയുടെ നിലപാടെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ച‍ര്‍ച്ചക്ക് വരും. പാര്‍ട്ടി വേദികളിൽ തന്നെ പ്രതിരോധമുയ‍ര്‍ത്താനാണ്‌ ഇപിയുടെ നീക്കം. തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീ‍‍ര്‍ക്കാനാണ് ഇ പി ജയരാജന്റെ നീക്കം. പി ജയരാജനെതിരെ ഉയ‍ര്‍ന്ന ക്വട്ടേഷൻ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജൻ പുതിയ പോര്‍മുഖം തുറക്കുന്നത്. ഇതിന്റെ ഭാഗമായി പി ജയരാജനെതിരെ ഇതിനോടകം കേന്ദ്രസംസ്ഥാന നേതൃത്വത്തിന് ഇ പി അനുകൂലികൾ പരാതി നൽകിയിട്ടുണ്ട്. 

കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് പി.ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.  

പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽ തന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ മറച്ചുവെച്ച് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവധിയ്ക്ക് പോവുകയായിരുന്നു ഉണ്ടായിരുന്നത്.

0 Comments

Leave a comment