തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റവന്യു വരുമാനം എത്രകണ്ട് ഉയർത്താൻ കഴിഞ്ഞാലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ മൂലം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക പ്രയാസമാണെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേരള ഇക്കണോമിക് അസോസിയേഷനും (കെ.ഇ.എ ) ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ സംബന്ധിച്ച പാനൽ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1956 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം കൈവരിച്ച ഏറ്റവും ഉയർന്ന റവന്യു വരുമാനം 47,000 കോടി രൂപയാണെന്നും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത് 71,000 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞുവെന്നും എന്നാൽ, കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയിൽ 50,000 കോടി രൂപയുടെ കുറവാണ് ഇക്കാലയളവിൽ സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ലെന്നും കേരളത്തിന്റെ തനത് വരുമാനമുയർത്തുന്നത് വഴി പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഘട്ടത്തിൽ കേന്ദ്ര പൂളിൽ നിന്നുള്ള കേരളത്തിന്റെ വിഹിതം 1.9 ശതമാനമായി കുറയുകയുണ്ടായി. അപ്പോൾ ലഭ്യമായ വിഹിതം 21,000 കോടി രൂപയാണ്. എന്നാൽ ഇത് പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ഘട്ടത്തിലെ 3.8 ശതമാനമായിരുന്നെങ്കിൽ കുറഞ്ഞത് 42,000 കോടി രൂപയാണ് ലഭ്യമാകേണ്ടത്. ഇത്തരത്തിലുണ്ടായിരിക്കുന്ന വരുമാന ചോർച്ച കേവലം തനത് വരുമാനം വർധിപ്പിക്കുന്നത് വഴി പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. ഇതിന് പുറമെ സംസ്ഥാനത്തിന്റെ റവന്യു കമ്മി ഗ്രാന്റ്, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുള്ള വിഹിതം എന്നിവയും തുടർച്ചയായി കുറഞ്ഞു വരുന്നു.
ഫലത്തിൽ കേരളം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. കോവിഡ് കാലത്ത് സംസ്ഥാനത്തിന് ജി.ഡി.പിയുടെ 5 ശതമാനം കടമെടുക്കുന്നതിന് കഴിഞ്ഞു. 48,000 കോടി രൂപയാണ് അപ്പോൾ കടമെടുത്തത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 28,000 കോടി രൂപയിലേക്ക് താഴ്ന്നതായി അദ്ദേഹം പറഞ്ഞു. എ.ജിയുടെ അന്തിമ കണക്കുകൾ പ്രകാരം കേരളത്തിന് എടുക്കാൻ കഴിഞ്ഞ വായ്പ ജി.എസ്.ഡി.പിയുടെ 2.5 ശതമാനം മാത്രമാണ്. എന്നാൽ കേന്ദ്ര സർക്കാർ എടുത്തത് ജി.ഡി.പിയുടെ 6.4 ശതമാനമാണ്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിഗമനങ്ങളനുസരിച്ച് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 62.7 ശതമാനവും പോകുന്നത് കേന്ദ്ര ഖജനാവിലേക്കാണ്. എന്നാൽ മൊത്തം വരുന്ന ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലുമാണ്. ഇത് ഭാവിയിൽ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ ഗുരുതരമായ വിള്ളൽ വീഴ്ത്തുന്നതിന് കാരണമാകുമെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേന്ദ്രം സെസ്സ്, സർചാർജ് തുടങ്ങിയ ഇനങ്ങൾ ഉയർത്തുന്നത് മൂലം കേരളത്തിന് കേന്ദ്ര ഡിവിസിബിൾ പൂളിൽ നിന്നും 10, 000 കോടി രൂപ നഷ്ടമാകുന്നുണ്ട്. ധനകാര്യ ഫെഡറൽ രംഗത്തെ ഇത്തരം സമീപനങ്ങൾ കേരളത്തിനാണ് ഏറ്റവും വലിയ പ്രതിസന്ധി ഉളവാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.എസ്.ടി നിലവിൽ വന്നപ്പോൾ പല ഉത്പന്നങ്ങളുടെയും നികുതി കുറയുകയുണ്ടായി. എന്നാൽ ഈ ഇളവ് ഉപഭോക്താക്കൾക്ക് ലഭ്യമായതായി കാണാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങളും ജി.എസ്.ടി നഷ്ടപരിഹാരം ദീർഘിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളും ജി.എസ്.ടി കൗൺസിലിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2012 - 13 ഘട്ടത്തിൽ സെസ്സ്, സർചാർജ് എന്നീ ഇനങ്ങളിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 5.8 ശതമാനമായിരുന്നെങ്കിൽ 2022-23ൽ അത് 32.8 ശതമാനമായി ഉയർന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ എം.എ ഉമ്മൻ പറഞ്ഞു. അതുകൊണ്ട് ഇക്കാലയളവിൽ ഡിവിസിബിൾ പൂളിന്റെ വളർച്ച 2.2 ശതമാനത്തിലൊതുങ്ങി. 2011-12 മുതൽ സംസ്ഥാനങ്ങളുടെ ചെലവുകൾ കേന്ദ്രത്തേക്കാൾ വളരെ ഉയർന്ന തോതിലാണ്. ഇത് ശരാശരി 16 ശതമാനം അധികമായിരുന്നെങ്കിൽ ചില വർഷങ്ങളിൽ അത് 44 ശതമാനം വരെ അധികരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക മാനേജ്മെന്റ് രംഗത്തെ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പണത്തിന്റെ വിതരണം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് എന്നും തലവേദനയാണ്. കേന്ദ്രം തുന്നുന്ന വസ്ത്രങ്ങൾ പലപ്പോഴും കേരളത്തിന് പാകമാകാതെ പോകുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഗൗരവമേറിയ പഠനം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗിഫ്റ്റ് ഡയറക്ടർ പ്രഫസർ കെ.ജെ ജോസഫ് ചടങ്ങിൽ സ്വാഗതമാശംസിച്ചു.
തുടർന്ന് വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ചകൾക്ക് കെ.ഇ.എ പ്രസിഡന്റ് പ്രഫസർ കെ.എൻ ഹരിലാൽ നേതൃത്വം നൽകി. മുൻ ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക്, പ്രഫസർമാരായ കെ.പി കണ്ണൻ, ആൽവിൻ പ്രകാശ്, ഡോ: സി.എ പ്രിയേഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രഫസർ വി.അനിത, ഡോ: എൻ.രാമലിംഗം, ഡോ: എസ്.സുമലത, ഡോ: പി.എസ് രഞ്ജിത്ത്, ഡോ: ഷംന തച്ചപ്പറമ്പൻ, പ്രഫസർ എസ്.കെ ഗോഡ്വിൻ, സന്തോഷ് ടി വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
1956 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം കൈവരിച്ച ഏറ്റവും ഉയർന്ന റവന്യു വരുമാനം 47,000 കോടി രൂപയാണെന്നും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത് 71,000 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞുവെന്നും എന്നാൽ, കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയിൽ 50,000 കോടി രൂപയുടെ കുറവാണ് ഇക്കാലയളവിൽ സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.





0 Comments