തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും ആണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിർദേശം മുന്നോട്ടുവച്ചത്.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിന്റെ സന്തോഷം ഷംസീർ നേരത്തെ പങ്കുവച്ചിരുന്നു. എ എൻ ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണെന്ന പ്രത്യേകയും ഈ സമ്മേളനത്തിന് ഉണ്ട്.സ്പീക്കർ പദവി പുതിയ റോളാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ സഭ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, മുൻഗാമികളെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും ഷംസീർ വ്യക്തമാക്കിയിരുന്നു.
പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് മുതൽ തുടക്കമായിരിക്കുന്നത്. ഇന്നും നാളെയുമായി ഏഴ് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. 4 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ, ധനവകുപ്പിന്റെ ബിൽ എന്നിവയെല്ലാമാണ് അവതരിപ്പിക്കാനുള്ളത്.
വിദേശമദ്യത്തിന് നാലു ശതമാനം നികുതി കൂട്ടാനുള്ള പൊതുവിൽപ്പന നിയമഭേദഗതി ബില്ലിനാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നത്. നികുതി സംബന്ധമായ ബില്ലായതിനാൽ അവതരിപ്പിക്കും മുമ്പ് ഗവർണറുടെ അനുമതി വേണം. എന്നാൽ ധനമന്ത്രി കെ എൻ ബാലഗോപാലിനോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം അവതരിപ്പിക്കേണ്ട ബില്ലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി ലഭിച്ചിട്ടില്ല.
. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും ആണ് പാനലിലുള്ളത്





0 Comments