തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് എതിർപ്പില്ലെന്ന് ശശി തരൂർ. ഖാർഗെയെ ബഹുമാനിക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമാണ്. എന്നാൽ പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ആവശ്യമെന്താണെന്നും പാർട്ടിയിൽ എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുകയെന്നു തരൂർ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പാർട്ടി തനിക്കൊന്നും സംഭാവനയായി നൽകിയിട്ടില്ല. പ്രവർത്തകരുടെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ തരൂർ, തനിക്കെതിരെ കൂടുതലായി സംസാരിക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും ആരോപിച്ചു. താൻ പാർട്ടിയിൽ ആരോടും എതിർത്ത് സംസാരിച്ചിട്ടില്ല, എന്നാൽ കേരളത്തിൽ നിന്നുള്ള നേതാക്കളാണ് തനിക്കെതിരെ കൂടുതലായി സംസാരിക്കുന്നത്. ആരെയും താഴ്ത്താൻ ശ്രമിച്ചോ, വേറാർക്കും വിഷം കൊടുത്തോ അല്ല ഞാൻ മുന്നിലെത്തിയത്. അസൂയ ചെറിയ മനുഷ്യന്റെ മനസിലാണ്. മറ്റൊരാളെ ഇകഴ്ത്തി നേടുന്ന നേട്ടത്തിന് അർത്ഥമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. വളരെ ദൂരം യാത്ര ചെയ്ത് വേണം പല വോട്ടർമാരും പോളിങ് കേന്ദ്രത്തിലെത്താൻ. അതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യപ്പെടുമെന്ന് കരുതാനാകില്ല. ബാലറ്റ് പേപ്പർ നോക്കിയാൽ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാകില്ല. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് വന്ന ശേഷം കഴിഞ്ഞ പത്ത് വർഷമായി ലഭിക്കാത്ത ശ്രദ്ധ ഇപ്പോൾ പാർട്ടിക്ക് ലഭിക്കുന്നുണ്ട്. പാർട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് വോട്ട്. അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ കോൺഗ്രസ് പാർട്ടി സംവിധാനം വികേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുത്ത് തലം മുതൽ പാർട്ടിയെ പുനസംഘടിപ്പിക്കും. പിസിസി അദ്ധ്യക്ഷന്മാർക്ക് പൂർണ അധികാരം നൽകുമെന്നും തരൂർ പറഞ്ഞു.
അസൂയ ചെറിയ മനുഷ്യന്റെ മനസിലാണ്, മറ്റൊരാളെ ഇകഴ്ത്തി നേടുന്ന നേട്ടത്തിന് അര്‍ത്ഥമില്ലെന്നും തരൂര്‍





0 Comments