കഴക്കൂട്ടം: കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴക്കൂട്ടം ബൈപ്പാസ് നിർമാണം വിലയിരുത്താൻ എത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോൾ ഫ്ലൈ ഓവർ നോക്കാൻ വരുന്നതിന്റെ ചേതോവികാരം എല്ലാവർക്കും മനസിലാവും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപ്പിച്ചുവെന്നാണ് കേൾക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലർ രംഗത്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്ളൈ ഓവറിന്റെ നിർമാണപുരോഗതി വിലയിരുത്താൻ കേന്ദ്രമന്ത്രി എത്തിയത്. ഫ്ളൈ ഓവർ സന്ദർശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജണൽ ഓഫീസർ ബി.എൽ.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം നടന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി വൃത്തങ്ങൾ തുറന്നുപറയുന്നില്ലെങ്കിലും വിദേശകാര്യമന്ത്രി ജയശങ്കറും തിരുവനന്തപുരത്ത് എത്തിയത് ഇതിന് തന്നെയാണ്. കഴിഞ്ഞദിവസം എത്തിയ ജയശങ്കർ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ജയ്ശങ്കറിന്റെ സന്ദർശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. കേരളത്തിൽ ജനിച്ചുവളർന്ന കേന്ദ്രമന്ത്രി അടിക്കടി വാർത്താ സമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാൾ കൂടുതൽ കുഴികളാണ് ദേശീയപാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെത്തി മേൽപ്പാലത്തിന്റെ നിർമാണം വിലയിരുത്തിയതിനെ പരാമർശിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പരിഹാസം ഉന്നയിച്ചത്.
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോൾ ഫ്ലൈ ഓവർ നോക്കാൻ വരുന്നതിന്റെ ചേതോവികാരം എല്ലാവർക്കും മനസിലാവും.





0 Comments