/uploads/news/news_ഗാസയിൽ_നടക്കുന്നത്_യുദ്ധമല്ല,_ഏകപക്ഷീയമാ..._1717202281_5022.jpg
POLITICS

ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഏകപക്ഷീയമായ കൂട്ടക്കശാപ്പെന്ന് കെ.ശ്രീധർ


കോഴിക്കോട്: ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഏകപക്ഷീയമായ കൂട്ടക്കശാപ്പാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം കെ.ശ്രീധർ പറഞ്ഞു. സയണിസ്റ്റ് ഇസ്രായേൽ സാമ്രാജ്യത്ത കൂട്ടുകെട്ട് പാലസ്തീന് മേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദുർബ്ബലനുമേൽ നടത്തുന്ന അതിക്രമങ്ങൾ യുദ്ധമെന്ന പേരിൽ സാമ്രാജ്യത്ത രാജ്യങ്ങൾ വിവിധ രാജ്യങ്ങൾക്ക് മേൽ അഴിച്ചു വിടുകയാണ്. ഇതിനെതിരെ ഇരയാകുന്ന ജനത സ്വാഭാവികമായി ഉയർന്നു വരും. ലോകത്ത് ശക്തമായ ഒരു യുദ്ധവിരുദ്ധ ചേരി ഉയർന്നുവന്നെങ്കിൽ മാത്രമേ ഇതിനെ തടയാനാകൂ. 

സോവിയറ്റ് യുണിയൻ്റെ നേതൃത്വത്തിൽ നിലനിന്ന സോഷ്യലിസ്റ്റ് ചേരി യുദ്ധക്കൊതിയന്മാരായ രാജ്യങ്ങളെ ശക്തമായി ചെറുത്തു നിന്ന മാതൃക ലോകത്തിന് മുന്നിലുണ്ട്. ഈ മാതൃക പിന്തുടർന്ന് ലോകത്തെ സോഷ്യലിസ്റ്റ് ശക്തികൾ സാർവ്വദേശീയ തലത്തിൽ തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സാമ്രാജ്യത്ത ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് പരിഹാര മാർഗ്ഗം. അക്രമത്തിനിരയാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാരമ്പര്യം ഉപേക്ഷിച്ച് യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്നും ഇതിനെതിരെ വിശാലമായ സമാധാന പ്രസ്ഥാനം പടുത്തുയർത്താൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ സുധീർ കുമാർ, എസ്.രാജീവൻ, മിനി.കെ.ഫിലിപ്പ്, ജ്യോതി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി.എം.ശ്രീകുമാർ, ഡോ. ഡി.സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ സദാനന്ദൻ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റിയംഗം ഡോ: എം.ജ്യോതിരാജ് നന്ദി പറഞ്ഞു. 

സംഗമത്തിന് മുന്നോടിയായി നടന്ന ഐക്യദാർഢ്യ പ്രകടനം റയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് ബസ് സ്റ്റാൻ്റിലെത്തിച്ചേർന്നു. എം.കെ രാജൻ, പി.കെ.തോമസ്, കെ.റഹിം, എ.സജീന, പി.കെ മധു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. 

അക്രമത്തിനിരയാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാരമ്പര്യം ഉപേക്ഷിച്ച് യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്നും ഇതിനെതിരെ വിശാലമായ സമാധാന പ്രസ്ഥാനം പടുത്തുയർത്താൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും കെ.ശ്രീധർ

0 Comments

Leave a comment