/uploads/news/news_ജയരാജനെതിരായ_പരാതി_മുഖ്യമന്ത്രിയും_പാര്‍..._1672141418_1848.png
POLITICS

ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിന്? വിഡി സതീശന്‍


തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതി 2019-ൽ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയും വിഷയം ചർച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാർട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി ഡി സതീശൻ ചോദിച്ചു.

ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയർന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ്? പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെകുറിച്ച് നന്നായി അറിയാം. ഇപ്പോൾ അഴിമതിക്കെതിരെ തെറ്റു തിരുത്താൻ ഇറങ്ങിയിരിക്കുന്ന ഗോവിന്ദൻ അന്ന് തെറ്റു തിരുത്തൽ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം മദ്യപിക്കാൻ പോയ എസ്.എഫ്.ഐ ക്കാർക്കും ഡി.വൈ.എഫ്.ഐ ക്കാർക്കുമെതിരെ നടപടിയെടുത്ത സി.പി.എം, ഭരണത്തിന്റെ മറവിൽ അഴിഞ്ഞാടിയ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? തെറ്റ് തിരുത്തുമെന്ന് സ്ഥിരമായി പറയുന്നതല്ലാതെ നേതാക്കൾ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്താൻ സി.പി.എം തയാറാകുന്നില്ല. റിസോർട്ട് മാഫിയ, അനധികൃത സ്വത്ത് സമ്പാദനം, കൊട്ടേഷൻ, സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ, മയക്ക്മരുന്ന് ലോബികൾ, ഗുണ്ടകൾ എന്നിവരുമായുള്ള ബന്ധം സി.പി.എം നേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ഗുരുതര ആരോപണങ്ങളുമായി പ്രതിക്കൂട്ടിൽ നിൽക്കുന്നത്, സി.പി.എമ്മിന് മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. പാർട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാതെ ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാകണം.

പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് റിസോർട്ട് കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്തായ രമേശ് കുമാർ ഏതൊക്കെ സി.പി.എം നേതാക്കളെ കണ്ടിട്ടുണ്ടെന്നതും അന്വേഷിക്കണം. ഇരുമ്പ് മറയ്ക്ക് പിന്നിൽ ഒളിപ്പിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയരാജന് എതിരായ ഗുരുതരമായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഈ മാസം 30-ന് നടക്കുന്ന യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും.

ജയരാജനെതിരെ ഇ.ഡി അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നലെ പറഞ്ഞത് സി.പി.എമ്മുമായി സന്ധി ചെയ്യുന്നതിന് വേണ്ടിയാണ്. കൊടകര കുഴൽപ്പണ കേസും, സ്വർണക്കടത്ത് കേസും ബി.ജെ.പി-സി.പി.എം നേതൃത്വം സന്ധി ചെയ്തത് പോലെ ഇതും ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്?

0 Comments

Leave a comment