കർണാടകത്തിൽ എസ്.ഡി.പി.ഐയുടെ ജനകീയ അടിത്തറ വികസിച്ചുവരുന്നത് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളായ ബിജെപിയേയും കോൺഗ്രസിനേയും ആശങ്കയിലാഴ്ത്തുന്നു. തീരദേശമേഖലയിലും മലനാട്ടിലും എസ്.ഡി.പി.ഐക്ക് നിർണായക സ്വാധീനമുണ്ടെന്ന് അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങൾ തെളിയിക്കുന്നു. ഹിജാബ് വിലക്ക്, മതപരിവർത്തനവിരുദ്ധ നിയമം, സമീപകാലത്ത് ദക്ഷിണ കന്നഡ മേഖലയിലെ കൊലപാതക പരമ്പര, ഏറ്റവും ഒടുവിലെ ഷിമോഗ സംഭവങ്ങളെല്ലാം സംസ്ഥാനത്ത് എസ്.ഡി.പി.ഐയുടെ സ്വാധീനം ശക്തിപ്പെടുന്നതിന്റെ ലക്ഷണങ്ങളായിട്ടാണ് കോൺഗ്രസും ബി.ജെ.പിയും നോക്കികാണുന്നത്.
പതിറ്റാണ്ടുകളായിട്ട് കോൺഗ്രസിന്റെ വോട്ട് ബാങ്കാണ് മുസ് ലിംകൾ. സംസ്ഥാനത്ത് മുസ് ലിംകൾക്കിടയിൽ ഏറ്റവും ശക്തമായ സംഘടന അഹ് ലെ ഹദീസ് ആണ്. സംസ്ഥാനത്തിന്റെ രൂപീകരണകാലം തൊട്ടെ ഈ വിഭാഗം കോൺഗ്രസിനാണ് വോട്ട് ചെയ്തുവരുന്നത്. എന്നാൽ സമീപകാലത്ത് ബിജെപി അധികാരത്തിൽ വന്നതോടെ പളളികളിലെ ബാങ്ക് വിളിയിൽ നിയന്ത്രണം. ബീഫ് നിരോധനം. കൊറോണ പകർച്ചവ്യാധിയിൽ മുസ് ലിംകളെ ഒറ്റപ്പെടുത്തിയ സംഭവങ്ങൾ അഹ് ലെ ഹദീസ് സംഘടനയെ പുനരോലോചനയ്ക്ക് പ്രേരിപ്പിച്ചിരിക്കുകയാണ്. സമീപകാലത്ത് ഇത്തരം സംഘടനകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന തരത്തിലുളള രാഷ്ട്രീയ നിലപാട് ഉയർത്തിപിടിച്ചതിന്റെ പേരിൽ സാമുദായിക സംഘടനകൾ ഔദ്യോഗികമല്ലെങ്കിലും വ്യക്തിപരമായി എസ്.ഡി.പി.ഐ ൽ പ്രതീക്ഷ പുലർത്തുന്നു.
'' കാലങ്ങളായി കോൺഗ്രസിനാണ് വോട്ട് ചെയ്ത് വരുന്നത്. കോൺഗ്രസാണെങ്കിൽ സംസ്ഥാനത്ത് ക്ഷയിച്ചുവരുന്നു. കോൺഗ്രസും ജെഡിഎസും വിജയസാധ്യതയുളള പാർട്ടികളാണ്. പക്ഷെ, ബിജെപിയുടെ ചാക്കുപിടുത്ത രാഷ്ട്രീയത്തിനുമുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. മുസ് ലിംസമുദായം തബ് ലീഗ്, ബഹ്‌റൈൽവി, അഹ് ലെ ഹദീസ് എന്നിങ്ങനെ പല സംഘടനകളാണ്. ഇപ്പോൾ തീരദേശങ്ങളിലും മലനാട്ടിലും എസ്ഡിപിഐ നടത്തുന്ന രാഷ്ട്രീയ -സാമൂഹിക പ്രവർത്തനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇത്തവണ കോൺഗ്രസിന് പകരം മുസ് ലിംകൾ മിക്കയിടങ്ങളിലും എസ്ഡിപിഐ പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്നാണ് തോന്നുന്നത്. എസ്ഡിപിഐ വലിയ ആത്മവിശ്വാസമാണ് ഇപ്പോൾ നൽകി വരുന്നത്.'' നോർത്ത് ബാംഗ്ലൂർ സലഫി മസ്ജിദ് കമ്മിറ്റിയംഗം റഹ്‌മത്തുല്ല പറഞ്ഞു.
അതേസമയം, മുസ്ലിം വോട്ടുകൾ ഇക്കുറി വിഭജിക്കാൻ എസ്.ഡി.പി.ഐ കാരണമാകുമെന്ന് രാഷ്ട്രീയ വിദഗ്ധൻ സന്ദീപ് ശാസ്ത്രി വ്യക്തമാക്കി. ''മുസ്ലിം സമുദായികസംഘടനകൾക്കിടയിൽ എസ്.ഡി.പി.ഐക്ക് വലിയ സ്വാധീനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് കോൺഗ്രസിനെയാണ് മുഖ്യമായും ബാധിക്കുക.'' ശാസ്ത്രി പറയുന്നു. ''ഹിന്ദുക്കൾ സംഘപരിവാറിലേക്ക് കൂടുതൽ ചേക്കേറുന്ന സാഹചര്യത്തിൽ മുസ് ലിംകൾ സ്വാഭാവികമായും എസ്.ഡി.പി.ഐയെ പിന്തുണക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതുമില്ല.'' ശാസ്ത്രി കുട്ടി ചേർത്തു.
അതേസമയം, ന്യൂട്രൽ ഹിന്ദുക്കൾക്കിടയിലും ജെഡിഎസ് പ്രവർത്തകരിലും ചില പ്രദേശങ്ങളിൽ എസ്ഡിപിഐ ആവേശമുണ്ടാക്കുന്നുണ്ടെന്നാണ് സിറയിലെ ജുനൈദ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നത്. '' ബീഫ് നിരോധനം എത്രയോ ഹിന്ദു കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. അവർക്ക് പണം ആവശ്യം വരുമ്പോൾ കന്നുകാലികളെ വിൽക്കാൻ പറ്റുന്നില്ല. കൃഷിയുടെ ഉപയോഗം കഴിഞ്ഞാൽ കാലികളെ അറവുകാർക്ക് വിൽക്കുന്ന പതിവാണുളളത്. എന്നാൽ സംസ്ഥാനത്ത് മാടുകളെ അറക്കുന്നത് നിരോധിച്ച സാഹചര്യത്തിൽ സാധാരണ കർഷകരുടെ ജീവിതം സതംഭിച്ച സാഹചര്യമുണ്ട്. അതിനാൽ കർഷകർക്കിടയിൽ നിന്നും എസ്ഡിപിഐ പിന്തുണക്കുന്ന സ്ഥാനാർഥികൾക്ക് സാധ്യത ഏറുകയാണ്.''
സമീപകാലത്ത് സംഘപരിവാർ നടത്തിയ എല്ലാ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളും ചെറുത്ത് നിൽക്കുന്നതിൽ എസ്.ഡി.പി.ഐ വിജയിച്ചുവരുന്നതിനാൽ ബി.ജെ.പി പാളയത്തിൽ പട നടക്കുകയാണ്. വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയായ യദ്യൂരപ്പയെ മുന്നിൽ വച്ച് ലിംഗായത്ത് വോട്ട് ബാങ്ക് ആകർഷിക്കാനുളള ബിജെപി കേന്ദ്ര നീക്കം സംസ്ഥാനത്ത് ബിജെപിയെ രണ്ടാക്കുന്ന സാഹചര്യമുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ നിർണായക ശക്തിയാകുമെന്ന് വിലയിരുത്തൽ





0 Comments