/uploads/news/news_മുതലപ്പൊഴി_ഹാർബറിന്റെ_പേര്_മാറ്റി_'മരണപ്..._1739192042_9271.jpg
POLITICS

മുതലപ്പൊഴി ഹാർബറിന്റെ പേര് മാറ്റി 'മരണപ്പൊഴി' എന്നാക്കാൻ സർക്കാർ ആലോചിക്കണമെന്ന് എസ്.എം.ഷഹീർ


ചിറയിൻകീഴ്: പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പെരുമാതുറ മുതലപ്പൊഴി ടൂറിസം പാർക്ക് ഉദ്ഘാടനം ചെയ്യാതെ അനന്തമായി നീട്ടുകയാണെന്നും മുതലപ്പൊഴി ഹാർബറിന്റെ പേര് മാറ്റി 'മരണപ്പൊഴി' എന്നാക്കാൻ സർക്കാർ ആലോചിക്കണമെന്നും എസ്.എം.ഷഹീർ പറഞ്ഞു. തീരദേശ ഗ്രാമമായ പെരുമാതുറയോടുള്ള ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദുർബല വിഭാഗമെന്ന നിലയിൽ തീരദേശ ഗ്രാമത്തെ ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം നൽകിയ പത്രക്കുറിപ്പിലാണ് ജനറൽ സെക്രട്ടറി എസ്.എം.ഷഹീറിൻ്റെ പ്രസ്താവന.

 73 ജീവനുകളാണ് ഇതിനകം ഇവിടെ പൊലിഞ്ഞത്. ആഴം കൂട്ടൽ ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്നു പറഞ്ഞ് പ്രസ്താവനകൾ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. സംസ്ഥാന ബജറ്റിൽ മുതലപ്പൊഴിയെ പൂർണ്ണമായും അവഗണിച്ചു. മാടൻവിള അഴൂർ കടവ് പാലത്തിലെ വിളക്കുകൾ കത്തിയിട്ട് മാസങ്ങളായി. ലക്ഷങ്ങൾ ചെലവഴിച്ച് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ട് ഇപ്പോൾ അതൊന്നും മിഴി തുറക്കാത്ത അവസ്ഥയാണ്. കൊട്ടാരം തുരുത്ത് മാടൻവിള പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു പോലും നോക്കുന്നില്ല. പെരുമാതുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യ മരുന്നുകൾ പോലും ലഭ്യമല്ല. രണ്ട് മാസങ്ങൾക്കു മുൻപാണ് ചെറിയ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി വിവാദമായ സംഭവമുണ്ടായത്. 

പെരുമാതുറ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ്, സെൻട്രൽ മസ്ജിദിന് പുറകിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എന്നിവ അകാലചരമമടയുകയാണ്. മെയിന്റനൻസ് ചെയ്യുവാനുള്ള ഉത്തരവാദിത്വം പോലും പഞ്ചായത്ത് അധികൃതർ കാണിക്കുന്നില്ല. പെരുമാതുറ അഴൂർ കടവ് പാലത്തിന് സമീപം അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിട്ടും അധികൃതർ ഇതുവരെയും ഒരു നടപടി എടുക്കുകയോ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. മാടൻവിള പാലത്തിന് സമീപവും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തുടരുകയാണ്. ഇതിനെതിരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. പഞ്ചായത്ത് ഭരണാധികാരികളോ ഹെൽത്തിന്റെ ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. 

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ ഒറ്റപ്പന വാർഡിൽ ബീച്ച് റോഡ് നിർമിക്കാതെ ജനങ്ങളെ പറ്റിക്കുകയാണ്. 11, 12 വാർഡുകളിൽ റോഡ് വെട്ടുകയും ടാർ ചെയ്യുകയും വരെ ചെയ്തിട്ടും തൊട്ടടുത്തുള്ള വാർഡിനെ അവഗണിക്കുകയാണ്. എം.എൽ.എ ഫണ്ട്‌ തീർന്നു പോയെന്ന വിചിത്ര ന്യായീകരണമാണ് പറയുന്നത്. ഫിഷറീസ് വകുപ്പിലും ഫണ്ടില്ലത്രേ. ഒന്നിലധികം വീടുകൾക്ക് ഒരേ വീട്ടു നമ്പർ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത് നിർബാധം തുടരുകയാണ്. ഓൺലൈനിൽ ടാക്സ് അടയ്ക്കാനോ മറ്റ് നിയമപരമായ കാര്യങ്ങൾക്കോ ഇതുമൂലം ഇവിടത്തെ ജനങ്ങൾക്ക് കഴിയുന്നില്ല. കുടിവെള്ളം പലപ്പോഴും കിട്ടാക്കനിയാണ്. വാർഡ് ഡീലിമിറ്റേഷനിലൂടെ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ നിലവിലുള്ള വീടുകളുടെ പകുതി പോലും അസസ്സ്‌മെന്റ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. കാലങ്ങളായി തുടർന്നു പോരുന്ന ഇത്തരം അവഗണനകൾക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് വമ്പിച്ച പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കളായ ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സഹീർ സഫർ, പെരുമാതുറ ഒറ്റപ്പന ബൂത്ത് പ്രസിഡന്റ് നൗഫൽ ബഷീർ, ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ എന്നിവർ പറഞ്ഞു. 

ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം ഒറ്റപ്പന ബീച്ചിൽ 'മഹാത്മാഗാന്ധി കുടുംബ സംഗമം' സംഘടിപ്പിക്കുമെന്നും ആ പരിപാടിയിൽ വെച്ച് ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കോൺഗ്രസ്സ് ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ എന്നിവർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ആർ.അഭയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ്‌ സുനിൽ പെരുമാതുറ മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാഹിൻ എം കുമാർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

73 ജീവനുകളാണ് ഇതിനകം ഇവിടെ പൊലിഞ്ഞത്. ആഴം കൂട്ടൽ ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്നു പറഞ്ഞ് പ്രസ്താവനകൾ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. സംസ്ഥാന ബജറ്റിൽ മുതലപ്പൊഴിയെ പൂർണ്ണമായും അവഗണിച്ചു

0 Comments

Leave a comment