തിരുവനന്തപുരം: ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർതാരം ദുൽഖർ സൽമാൻ. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഐക്യദാര്‍ഡ്യം അറിയിച്ചത്. റഫയിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ദുൽഖറിന്റെ ഐക്യദാർഢ്യം.
എല്ലാ കണ്ണും റഫയിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ. നിരവധി ആളുകളാണ് ക്യാംപയിന്‍റെ ഭാഗമായത്.
കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കുസൃതി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.
ഫലസ്തീനെ പിന്തുണച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യ റിതിക സാജ്ദെയും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഫലസ്തീന് പിന്തുണ നൽകുന്ന "All Eyes on Rafah" എന്ന പോസ്റ്റ് റിതിക ഷെയർ ചെയ്തത്. റിതിക ഫലസ്തീന് പിന്തുണയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരായി സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണവും ശക്തമായിട്ടുണ്ട്.
ഞായറാഴ്ച രാത്രി റഫയിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണു വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്.
കഴുത്തറ്റുപോയ കുഞ്ഞുമക്കളുടെ മൃതശരീരവും കെട്ടിപ്പിടിച്ച് കരയുന്ന മാതാപിതാക്കളുടെയും, തീയില്‍ വെന്തുരുകിയ ശരീരങ്ങള്‍ ചേര്‍ത്ത് പിടിച്ച് കരയുന്ന ഉറ്റവരുടെയും പാതിവെന്ത ശരീരവുമായി വേദന കടിച്ചമര്‍ത്താനാകാതെ കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ മനുഷ്യ സ്നേഹികളായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണുനിറക്കുന്നുണ്ട്.
റഫയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം. ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീനെ പിന്തുണച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യ റിതിക സാജ്ദെയും രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരായി സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണവും ശക്തമായിട്ടുണ്ട്.





0 Comments