കൊച്ചി: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടിക്ക് പിഴയായി 25 കോടിരൂപ അടച്ചുവെന്ന് വാർത്ത നൽകിയ സംഘ്പരിവാർ അനുകൂല ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പൃഥ്വിരാജ്. പിഴയടച്ചെന്നും പ്രൊപഗാണ്ട സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് അപകീർത്തിപ്പെടുത്തുന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അസത്യവും അധിക്ഷേപകരവുമായ വാർത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജിന്റെ കുറിപ്പ്
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്നപേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
മലയാള സിനിമയിൽ താരങ്ങളുടെയും നിർമാതാക്കളുടെയും വീട്ടിലെ റെയ്ഡിന് പിന്നാലെ ഒരു നിർമാതാവിനെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തതായും നടൻ പൃഥ്വിരാജ് പിഴയൊടുക്കി നടപടി ഒഴിവാക്കിയെന്നും കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മലയാള സിനിമാ മേഖലയിൽ വിദേശത്ത് നിന്ന് കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടികൾ ശക്തിയാക്കിയെന്നും നടൻ കൂടിയായ നിർമാതാവ് 25 കോടി പിഴ അടച്ചുവെന്നുമുള്ള മലയാളമനോരമയിലെ റിപ്പോർട്ട് പൃഥ്വിരാജിനെക്കുറിച്ചാണെന്നും മറുനാടൻ വാർത്തയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൃഥ്വിരാജ് നിയനടപടി സ്വീകരിക്കുന്നത്.

അസത്യവും അധിക്ഷേപകരവുമായ വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ മലയാളി ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു





0 Comments