/uploads/news/news_ഐഎസ്ആര്‍ഒ_ചാരക്കേസില്‍_കുറ്റവിമുക്തയായ_ഫ..._1661933124_9867.jpg
BREAKING

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു


ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസൻ(80)അന്തരിച്ചു. ശ്രീലങ്കയിലായിരുന്നു അന്ത്യം. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ  ചോർത്തിയെന്ന കേസിൽ ഫൗസിയ ഹസൻ എന്ന മാലദ്വീപുകാരി കേരളത്തിലെ ജയിലിൽ കഴിഞ്ഞത് മൂന്നുവർഷത്തിലേറെ കാലമാണ്.

 

കൃത്യമായി പറഞ്ഞാൽ 1994 നവംബർ മുതൽ 1997 ഡിസംബർ വരെയാണ് ചെറ്റാത്ത കുറ്റത്തിന് കേസിലെ രണ്ടാംപ്രതിയായി ഫൗസിയ ഹസൻ ജയിൽ ശിക്ഷയനുഭവിച്ചത്. 1957 മുതൽ മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിൽ ക്ലാർക്കായി ജോലി തുടങ്ങിയ ഫൗസിയ ഹസൻ, മറിയം റഷീദയ്ക്കൊപ്പം കേസിൽ പ്രതിചേർക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയുമായിരുന്നു. 

 

ഒടുവിൽ നിരപരാധിത്വം തെളിയിച്ച് ജയിൽമോചിതയാകുമ്പോഴേക്കും അവർ മൂന്നുവർഷത്തിലേറെ കാലം തടവറയിൽ ജീവിതം ചെലവഴിച്ചിരുന്നു. 1998 മുതൽ 2008 വരെ മാലദ്വീപ് നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫിസറായും സേവനമനുഷ്ഠിച്ചു. നിരവധി സിനിമകളിലും ഫൗസിയ ഹസൻ വേഷമിട്ടിട്ടുണ്ട്. 

 

അതേസമയം ചാരക്കേസിൽ നിരപരാധിയായ താൻ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം ഏറ്റെടുത്തത്  14കാരിയായ തന്റെ മകളെ മുന്നിലെത്തിച്ച ശേഷം അവളെ ബലാൽസം​ഗം ചെയ്യുമെന്ന അന്വേഷണ സംഘത്തിന്റെ ഭീഷണിയെ തുടർന്നായിരുന്നുവെന്ന് കുറ്റവിമുക്തയായ ശേഷം ഫൗസിയ ഹസൻ വെളിപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണത്തിലാണ് ഫൗസിയ ഹസന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്. 

 

 

കേസിലെ ഒന്നാം പ്രതിയായ മറിയം റഷീദ നേരത്തേ കേസിൽ തങ്ങളെ എങ്ങനെയാണ് കേരളെ പൊലീസ് പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് വരവെ ഫൗസിയ ഹസനു പിന്നാലെ വന്ന തന്നെ പൊലീസ് ഉദ്യോ​ഗസ്ഥൻ കടന്നുപിടിച്ചുവെന്നും ഇതു തടഞ്ഞ താൻ അയാളുടെ മുഖത്തടിച്ചുവെന്നും മറിയം റഷീദ വെളിപ്പെടുത്തിയിരുന്നു.

 

ഇതിന്റെ പകയിലാണ് പൊലീസുകാരൻ മാലദ്വീപ് സർക്കാർ തങ്ങളെ ചാരവൃത്തിക്കായി ഇന്ത്യയിലേക്ക് അയച്ചുവെന്ന കേസ് കെട്ടിച്ചമച്ചതും ഫൗസിയ ഹസനെയും തന്നെയും അറസ്റ്റ് ചെയ്തതെന്നും അവർ പറയുകയുണ്ടായി. പൊലീസ് കസ്റ്റഡിയിൽ ക്രൂരപീഡനങ്ങൾക്കിരയായി. പൊലീസ് ഭാഷ്യമാണ് മാധ്യമങ്ങൾ നൽകിയത്. ആരും വസ്തുത അന്വേഷിക്കാൻ തയ്യാറായില്ലെന്നും മറിയം റഷീദ പറയുകയുണ്ടായി. തങ്ങൾക്കു നഷ്ടപ്പെട്ട സൽപ്പേരും ജയിലിൽ ഹോമിച്ച വർഷങ്ങളും തിരികെ തരാൻ സുപ്രിംകോടതിക്കു കഴിയുമോയെന്നും അവർ ചോദിക്കുകയുണ്ടായി. 

ചെയ്യാത്ത കുറ്റത്തിന് ഫൗസിയ ഹസൻ കേരളത്തിൽ ജയിലിൽ കഴിഞ്ഞത് മൂന്നു വർഷത്തിലേറെ കാലം; മാലി ദ്വീപുകാരിയുടെ അന്ത്യം നിരപരാധിയായി

0 Comments

Leave a comment