/uploads/news/news_തെച്ചിക്കോട്ടുകാവ്_രാമചന്ദ്രനെ_പൊതുസ്ഥലത..._1663157085_2451.jpg
BREAKING

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് വിലക്ക്


കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതുവരെയാണ് വിലക്ക്. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് ആറാഴ്ച്ചക്കകം മറുപടി അറിയിക്കാൻ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിർദേശം നൽകി.

എസ്.പി.സി.എ(Society for the Prevention of Cruelty to Animals)നൽകിയ റിവ്യൂ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

 

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിൻറെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.രാമചന്ദ്രൻറെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. തലപ്പൊക്കത്തിൽ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാൻസ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരൻ.
2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്

0 Comments

Leave a comment