കാര്യവട്ടം: സർവ്വകലാശാല യുവജനോത്സവം മൂന്നാം നാൾ പിന്നിടുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുന്നിൽ. യുവജനോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ 9 വേദികളിലായി 34 ഇനങ്ങളിലുള്ള മത്സരങ്ങളായിരുന്നു നടന്നത്. രണ്ടാം ദിവസം പോയിന്റ് നിലയിൽ മുന്നിലായിരുന്ന തിരുവനന്തപുരം വിമൺസ് കോളേജ് ഇന്നലെ മൂന്നാം സ്ഥാനത്തായി. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒന്നാമതും നാലാഞ്ചിറ മാർ ഇവാനിയസ് കോളേജ് രണ്ടാം സ്ഥാനത്തും വഴുതക്കാട് വിമൺസ് കോളേജ് മൂന്നാം സ്ഥാനത്തുമാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത വേനൽ ചൂടിലാണ് യുവജനോത്സവം നടക്കുന്നത്. കൊടും ചൂടിലും എല്ലാ മത്സരങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർദ്ധനവ് മത്സരങ്ങളുടെ സമയ ക്രമത്തിലാണ് മാറ്റമുണ്ടായത്. ഓരോ മത്സരങ്ങളും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് തുടങ്ങുന്നത്. ഇത് മത്സരാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇന്നലത്തെ മൽസരങ്ങൾ കാണികളെ ആകർഷിക്കുന്നവയായിരുന്നു. പ്രശ്ചന്ന വേഷം, കഥാപ്രസംഗം, കേരളനടനം, ഒപ്പന, കോൽക്കളി, ദഫ് മുട്ട് മുതലായ മൽസരങ്ങൾക്ക് മറ്റു മത്സരങ്ങളെ അപേക്ഷിച്ച് കാണികളുടെ എണ്ണം കൂടുതലായിരുന്നു. കഥാ പ്രസംഗ മത്സരത്തിലെ ഫലത്തിനെതിരെ ഇന്നലെ മൂന്ന് അപ്പീലുകൾ നൽകി. ദഫ് മുട്ട് ഒന്നാം സ്ഥാനം നെയ്യാറ്റിൻകര യു.ഐ.ഐ.റ്റി കരസ്ഥമാക്കി. പാശ്ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനം എവുജിൻ ഇമ്മാനുവൽ (സ്വാതിതിരുനാൾ കോളേജ് തിരുവനന്തപുരം) രണ്ടാം സ്ഥാനം മറിയ മാർട്ടിൻ (മാർ ഇവാനിയസ് കോളേജ് നാലാഞ്ചിറ). പ്രശ്ചന്ന വേഷമത്സരത്തിൽ ഒന്നാം സ്ഥാനം വഴുതക്കാട് വുമൺസ് കോളേജിലെ സൗപർണിക പ്രദീപും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എച്ച്.ആര്യയും പങ്കിട്ടു. രണ്ടാം സ്ഥാനം കൊല്ലം എസ്.എൻ കോളേജിലെ സുപർണ.എസ് നേടി. ഭരതനാട്യം ആൺകുട്ടികൾ ഒന്നാം സ്ഥാനം നീരജ്. വി.എസ് (സെന്റ് മൈക്കൽ കോളേജ് ചേർത്തല). ഭരതനാട്യം പെൺകുട്ടികൾ ഒന്നാം സ്ഥാനം കൃഷ്ണ അജിത് (മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ) മാളവിക എസ് ഗോപൻ (നിറമൻകര എൻ.എസ്.എസ് കോളേജ്) എന്നിവർ പങ്കിട്ടു. രാത്രി ഏറെ വൈകിയും മത്സരങ്ങൾ തുടർന്നു.
അതിജീവനത്തിന്റെ യുവജനോത്സവം. മൂന്നാം നാൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുന്നിൽ





0 Comments