തിരുവനന്തപുരം: അധ്യാപകരുടെയും, ജീവനക്കാരുടെയും അവകാശ നിഷേധങ്ങൾക്കെതിരെയും, പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 6 തിങ്കളാഴ്ച്ച) തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ ധർണ്ണ നടത്തും.

പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും. അധ്യാപകരെയും, ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എ.ടി.എഫ് സർക്കാറിന് മുന്നിൽ സമർപ്പിച്ച അവകാശ പത്രികയിലെ ആവശ്യങ്ങളിൽ ഒന്നു പോലും പരിഹരിക്കാൻ സർക്കാർ തയ്യാറാവത്തതിനാലാണ് കെ.എ.ടി.എഫ്. പ്രത്യക്ഷ സമര പരിപാടികൾക്ക് നിർബന്ധിതരായതെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് ഉടൻ സ്ഥിരം നിയമന അംഗീകാരം നൽകുക, 2016 മുതൽ 2021 വരെ എയ്ഡഡ് സ്കൂളുകളിൽ നോഷണലായി നിയമന അംഗീകാരം ലഭിച്ച അധ്യാപകർക്ക് മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക, ടെറ്റ് സുപ്രീംകോടതി വിധിക്കെതിരിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടൽ നടത്തുക, അധ്യാപക സംഘടന ഹിത പരിശോധനയുട പേരിൽ കെ.ഇ.ആർ ഭേദഗതി നീക്കം ഉപേക്ഷിക്കുക, ശമ്പള, ഡി.എ കുടിശ്ശിഖകൾ ഉടൻ വിതരണം ചെയ്യുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, അറബി ഭാഷാ പഠനം നിരുൽസാഹപ്പെടുത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ലീവ് വേക്കൻസി ജോലി ചെയ്ത അധ്യാപകരുടെ സേവനകാലം റിട്ടയർമെൻ്റ് ഉൾപ്പെടെ മുഴുവൻ ആനൂകൂല്യങ്ങൾക്കും പരിഗണിക്കുക, തുടങ്ങിയ നിരവധി സുപ്രധാന ആവശ്യങ്ങളാണ് ഈ ധർണ്ണയിലൂടെ കെ.എ.ടി.എഫ് സർക്കാറിന് മുന്നിൽ വെക്കുന്നത്.
എം.എൽ.എമാരായ കെ.പി.എ.മജീദ്, ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, അഡ്വ. എൻ.ഷംസുദ്ദീൻ, പി.ഉബൈദുള്ള, പി.കെ.ബഷീർ, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, എൻ.എ.നെല്ലിക്കുന്ന് എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അധ്യാപകരെയും, ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അവകാശ പത്രികയിലെ ആവശ്യങ്ങളിൽ ഒന്നു പോലും പരിഹരിക്കാൻ സർക്കാർ തയ്യാറാവാത്തതാണ് കെ.എ.ടി.എഫ് പ്രത്യക്ഷ സമര പരിപാടികൾക്ക് നിർബന്ധിതരായതെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു





0 Comments