/uploads/news/news_സാമൂഹ്യ_ബന്ധങ്ങള്‍_ശക്തിപ്പെടുത്തുന്ന_'ബ..._1756754032_4933.jpg
SOCIAL MEDIA

സാമൂഹ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന 'ബൈവാക്കിന്‍' വെബ് ആപ്പുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്


തിരുവനന്തപുരം: ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കപ്പുറം വ്യക്തികള്‍ക്കിടയിലെ മുഖാമുഖ ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സോഷ്യല്‍ ഔട്ടിംഗ് വെബ് ആപ്ലിക്കേഷനായ 'ബൈവാക്കിന്‍' നുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

വ്യക്തികളെ നേരിട്ടു കണ്ടുള്ള പ്രാദേശിക കൂടിച്ചേരലുകള്‍ ലളിതമായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ 'ബൈവാക്കിന്‍' സഹായകമാകും. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ തല്ക്ഷണം പരിപാടികള്‍ സംഘടിപ്പിക്കാനും വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികള്‍, ഒത്തുചേരലുകള്‍, ബിസിനസ് മീറ്റുകള്‍ എന്നിവ കണ്ടെത്താനും നേരിട്ട് അതിന്‍റെ ഭാഗമാകാനും ആപ്പിലൂടെ സാധിക്കും. ഇത്തരം കൂട്ടായ്മകള്‍ക്കായി പ്രാദേശിക ഹോട്ടലുകള്‍, കഫെകള്‍ തുടങ്ങിയവ എളുപ്പത്തില്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനും ആപ്പ് വഴിയൊരുക്കും.

ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക 'ബൈവാക്കിന്‍' ആപ്പ് പുറത്തിറക്കി. എക്സ്പീരിയല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിനീഷ് സുരേന്ദ്രനാണ് 'ബൈവാക്കിന്‍' ആപ്പിനു പിന്നില്‍.

മനുഷ്യര്‍ക്കിടയിലെ പരസ്പര ബന്ധം കുറയുന്ന ആധുനിക കാലത്ത് ബന്ധങ്ങളുടെ പ്രാധാന്യവും ഊഷ്മളതയും വിലമതിക്കുന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന 'ബൈവാക്കിന്‍' വെബ് ആപ്പ് കാലത്തിന്‍റെ ആവശ്യമാണെന്ന് അനൂപ് അംബിക പറഞ്ഞു. മനുഷ്യര്‍ക്കിടയിലെ നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും ഈ ആപ്പിലൂടെ സാധിക്കും. സ്ക്രീന്‍ സമയം, സോഷ്യല്‍ മീഡിയ ആസക്തി എന്നിവയുടെ തോത് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ ബന്ധങ്ങളും സൗഹൃദങ്ങളും ശക്തിപ്പെടുത്തല്‍, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കല്‍, പ്രാദേശിക ബിസിനസുകള്‍ക്ക് വിപണിയില്‍ കരുത്ത് നല്കല്‍ തുടങ്ങിയവയ്ക്കൊപ്പം ഇവന്‍റ്  സംസ്കാരം ലളിതമാക്കാനും 'ബൈവാക്കിന്‍' ആപ്പ് സഹായകമാകുമെന്ന് ബൈവാക്കിന്‍ സ്ഥാപകനും എക്സ്പീരിയല്‍ ടെക്നോളജീസ് സിഇഒയുമായ വിനീഷ് സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തിലെ യഥാര്‍ത്ഥ ബന്ധങ്ങളുടെ വളര്‍ച്ചയ്ക്ക് ആപ്പ് സഹായകമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ വെബ് ആപ്പ് ആരംഭിക്കാനാകുന്നതില്‍ അഭിമാനിക്കുന്നതായും വിനീഷ് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തികളെ നേരിട്ടു കണ്ടുള്ള പ്രാദേശിക കൂടിച്ചേരലുകള്‍ ആസൂത്രണം ചെയ്യാനും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ തല്ക്ഷണം പരിപാടികള്‍ സംഘടിപ്പിക്കാനും വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികള്‍, ഒത്തുചേരലുകള്‍, ബിസിനസ് മീറ്റുകള്‍ എന്നിവ കണ്ടെത്താനും നേരിട്ട് ബൈവാക്കിന്‍' ആപ്പിലൂടെ സാധിക്കും

0 Comments

Leave a comment