/uploads/news/news_വക്കം_പുരുഷോത്തമൻ_അന്തരിച്ചു:_വിട_പറയുന്..._1690800683_669.png
BREAKING

വക്കം പുരുഷോത്തമൻ അന്തരിച്ചു: വിട പറയുന്നത് തലമുതിർന്ന കോൺഗ്രസ് നേതാവ്


തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും, സ്പീക്കറും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.

അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതൽകാലം നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.

ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കർ-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രിൽ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടനയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽനിന്ന് 1970,1977,1980,1982, 2001 വർഷങ്ങളിൽ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവിൽ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി. 1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ വക്കം കൃഷി, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടർന്ന് വന്ന നായനാർ സർക്കാരിൽ ആരോഗ്യ, ടൂറിസം മന്ത്രിയായി.

1982-84 കാലത്തും പിന്നീട് 2001 മുതൽ 2004 വരെയും അദ്ദേഹം സ്പീക്കർ സ്ഥാനം വഹിച്ചു. 80 കളിൽ പാർലമെന്റിലേക്ക് തട്ടകം മാറ്റിയ വക്കം 1984 മുതൽ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004-ലിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു

1993-96 കാലത്ത് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു. 2011 മുതൽ 2014 വരെ മിസോറം ഗവർണറായിരുന്നു. 2014 ജൂൺ 30 മുതൽ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവർണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരക്കുള്ള അഭിഭാഷകനായിരുന്ന വക്കം, ആർ.ശങ്കറിന്റെ നിർദേശപ്രകാരമാണ് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.

വക്കം പുരുഷോത്തമന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു സതീശന്റെ അനുശോചനം.

കോൺഗ്രസ് തറവാട്ടിലെ കാരണവർ... കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി... വ്യക്തതയും കണിശതയുമുള്ള നിലപാടുകൾ... ആരെയും കൂസാത്ത ഒരു സമ്മർദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമൻ പൊതുപ്രവർത്തകർക്ക് അനുകരണീയമായ മാതൃകയാണ്. വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാൻ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിൻബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു... ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു... തിരുത്തേണ്ടിടത്ത് തിരുത്തി...
വക്കത്തിന് പ്രണാമം- വി.ഡി. സതീശൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ അനുശോചിച്ചു.

96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്.

0 Comments

Leave a comment