ലുലു മാൾ, തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി തിരുവനന്തപുരത്ത് നടക്കുന്ന സമ്മോഹൻ ഭിന്നശേഷി ദേശീയ കലാമേളയുടെ വരവറിയിച്ചു ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ഫെബ്രുവരി 25, 26 തീയതികളിൽ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ നടക്കുന്ന കലാമേളയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളുടെ ഹൃദയം കവർന്നു. ലുലുവിന്റെ പ്രധാന പ്രവേശന കവാടത്തിനരികിൽ ഭിന്നശേഷി കുട്ടികൾ പാട്ടും നൃത്തവുമായി ഒത്തൊരുമിച്ചപ്പോൾ ലുലു മാളിൽ ചിതറിക്കിടന്ന സന്ദർശകർ ഒരിടത്തേക്ക് ഒത്തുകൂടി.
കുട്ടികളുടെ നൃത്തവും ഇന്ദ്രജാലവുമൊക്കെ കാണികൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കലാമേളയുടെ പ്രാധാന്യത്തെക്കുറിച്ച്, ഭിന്നശേഷിക്കുട്ടികളെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്തുവാനും അവരെ തങ്ങളിൽ ഒരാളെപ്പോലെ ചേർത്തുനിർത്താനുമുള്ള ആഹ്വാനവുമായാണ് സമ്മോഹൻ കലാമേള സംഘടിപ്പിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് സദസ്സിനോട് പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കൊപ്പം സെന്ററിലെ കലാ അധ്യാപകരും ഫ്ലാഷ് മോബിൽ പങ്കെടുത്തു.
സമ്മോഹൻ കലാമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്.
മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.
മാജിക്, നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
ഭിന്നശേഷിക്കുട്ടികളെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്തുവാനും അവരെ തങ്ങളിൽ ഒരാളെപ്പോലെ ചേർത്തുനിർത്താനുമുള്ള ആഹ്വാനവുമായാണ് സമ്മോഹൻ കലാമേള സംഘടിപ്പിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് സദസ്സിനോട് പറഞ്ഞു





0 Comments