കോഴിക്കോട്: ബാബറി മസ്ജിദിന്റെ തകർച്ചയോടെയാണ് മതരാഷ്ട്രീയത്തെ വിമർശിക്കാനുള്ള ബോധമുണ്ടായതെന്ന് നടൻ കമൽഹാസൻ. ഹേ റാം സിനിമയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഫൈന്റിംഗ് മൈ പൊളിറ്റിക്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ ഗാന്ധിയനായിരുന്നു തന്റെ അച്ഛൻ. അദ്ദേഹത്തിലൂടെയാണ് ഗാന്ധിജിയെ അടുത്തറിഞ്ഞത്. അതുവരെ മറ്റ് കുട്ടികളെപ്പോലെ രാഷ്ട്രീയം കണ്ട താൻ പിന്നീട് ഗാന്ധി ആദർശങ്ങളെ അടുത്തറിയുകയും ഹേ റാം സിനിമ എടുക്കുന്നതുവരേക്കും മാറി.
ഇന്ത്യൻ കറൻസികളിലെ ഗാന്ധിമുഖത്തെ തിരിച്ചറിയുന്നതിനും രാജ്യത്തിന് ഗാന്ധിയോടുള്ള ആദരവുണ്ടാക്കുന്നതിലും തന്റെ സിനിമകളും കാരണമായെന്നത് അഭിമാനകരമാണെന്നും കമൽഹാസൻ പറഞ്ഞു. ബാബരി മസ്ജിദിന്റെ തകർച്ചയുണ്ടാക്കിയ ആഘാതമാണ് രാജ്യത്തെ മതവാദികൾക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം നൽകിയത്.
സഹനമല്ല സമൂഹത്തിന് ആവശ്യം, തിരസ്കരിക്കപ്പെടുന്നവരെ ഉൾക്കൊള്ളുന്നതാണ്. ജനാധിപത്യം സംരക്ഷിക്കാൻ ഓരോ പൗരനും ജാഗ്രതയുണ്ടാകണം. താൻ നിലകൊള്ളുന്നത് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടിയാണ്. ബഹുസ്വരതയിലൂന്നിയ ഇന്ത്യ എന്നതാണ് ഏറ്റവും മനോഹരമായ സങ്കൽപ്പം.
ഞാൻ എന്റെ രാഷ്ട്രീയം കണ്ടെത്തി. നിങ്ങൾ നിങ്ങളുടേത് കണ്ടെത്തൂ, നമുക്ക് ഒരു ഏകീകൃത ഇന്ത്യ സൃഷ്ടിക്കാം. ഏകശിലാ തത്വം പാലിക്കുന്ന ഇന്ത്യയല്ല തന്റെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശരി ഏത് പക്ഷത്തായാലും അതിനോടൊപ്പം നിൽക്കും. വായനയിലൂടെയും പത്രങ്ങളിലൂടെയും എഡിറ്റോറിയലിലൂടെയുമാണ് രാഷ്ട്രീയത്തിൽ തനിക്ക് താത്പര്യം തോന്നിത്തുടങ്ങിയത്.
താൻ ഒരിക്കലും അസഹിഷ്ണുവാകാറില്ല. മറിച്ച് എല്ലാവരെയും ഉൾക്കൊള്ളാനാണ് ശ്രമിക്കുക. അസഹിഷ്ണുത എന്നാൽ രാജ്യത്തിനുള്ള തലവേദനയാണ്. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയിൽ സൂക്ഷിക്കാനാവില്ല. അതിനെ ജീവനോടെ നിലനിറുത്താൻ നിങ്ങൾ ശ്രമിക്കുക അതിന് ശ്വാസം നൽകുക. അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നിലകൊള്ളുന്നത് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടിയാണ്. ബഹുസ്വരതയിലൂന്നിയ ഇന്ത്യ എന്നതാണ് ഏറ്റവും മനോഹരമായ സങ്കൽപ്പം.





0 Comments