തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഈ വർഷം ഏകദേശം 40 ലക്ഷം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്തും മറ്റും തിക്കും തിരക്കും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ: വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കുക. കുട്ടികളെ കൂടെ കൊണ്ടു വരുന്നവർ അച്ഛനമ്മമാരുടെയോ അടുത്ത സുഹൃത്തുക്കളുടെയോ ഫോൺ/മൊബൈൽ നമ്പർ കുട്ടികൾക്കു പഠിപ്പിച്ചിരിക്കുക. അല്ലെങ്കിൽ അഡ്രസ്സ് ഉൾപ്പെടുന്ന നിങ്ങളുടെ വിവരങ്ങൾ എഴുതിയ സ്ലിപ്പ് കുട്ടികളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും മരുന്നുകൾ ഉപയോഗിക്കുന്നവരും ആവശ്യമുള്ള മരുന്നുകളും വെള്ളവും കൂടെ കരുതുക. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീഴാൻ ഇടയായാൽ തല കൈകൾ കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുകയും എത്രയും പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്യുക. തിക്കിലും തിരക്കിലും പെട്ട് ശാരീരിക അസ്വസ്ഥതകളോ പരിക്കുകളോ ഉണ്ടായാൽ പോലീസിന്റെയോ വോളൻറിയർമാരുടെയോ സഹായം തേടി തൊട്ടടുത്തുള്ള മെഡിക്കൽ യൂണിറ്റിൽ ചികിത്സ തേടുക. പുക/ചൂട് എന്നിവ ഏൽക്കാതിരിക്കാൻ മാസ്കോ നനഞ്ഞ തുണിയോ കൊണ്ട് മുഖം മറക്കുക. പോലീസും മറ്റു ക്ഷേത്ര ഭാരവാഹികളും വോളിൻറിയർമാരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കുക. പരിഭ്രാന്തരാകാതെ ആത്മസംയമനം പാലിക്കുക. കൂടാതെ അടിയന്തര ഘട്ടമുണ്ടായാൽ പോലീസ്-112, അഗ്നിശമന സേന-101, ആമ്പുലൻസ്-108, ദുരന്ത നിവാരണ കൺട്രോൾ റൂം: 1077 / 1070. തുടങ്ങിയ നമ്പറുകൾ ഉപയോഗിക്കുക.
ആറ്റുകാൽ പൊങ്കാല- കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ.





0 Comments