/uploads/news/1504-IMG-20200311-WA0002.jpg
Festivals

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പള്ളിപ്പുറത്തും പൊങ്കാലയിട്ടു


കഴക്കൂട്ടം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആയിരത്തോളം സ്ത്രീ ഭക്തർ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഇക്കുറി പള്ളിപ്പുറത്തും പൊങ്കാലയിട്ടു. പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്ര കവാടം മുതൽ സമീപത്തെ പള്ളിപ്പുറം നാഗരാജ ക്ഷേത്രം വരെയുള്ള ദേശീയ പാതയോരത്താണ് പൊങ്കാലയിട്ടത്. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്ത് തയ്യാറാക്കിയ പൂജാമണ്ഡപത്തിൽ ആറ്റുകാലമ്മയുടെ ചിത്രം വച്ച് നിലവിളക്കിൽ പകർന്ന അഗ്നി അടുപ്പുകളിലേക്ക് പകർന്നതോടെ പൊങ്കാല ആരംഭിച്ചു. രാവിലെ തന്നെ കൂട്ടമായി എത്തിയ ഭക്തകളായ സ്ത്രീകൾ തെരളിയപ്പവും മണ്ടപ്പുറ്റും മറ്റും ഉണ്ടാക്കുന്നത് കാണാമായിരുന്നു. കുടിവെള്ള വിതരണം നൽകുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളൻ്റിയർമാരുടെ സേവനം ഏർപ്പാടാക്കിയിരുന്നത് പൊരിവെയിലത്ത് ഭക്തർക്ക് ഏറെ സഹായകമായി. കൂടാതെ പ്രത്യേക മെഡിക്കൽ സംഘവും, ആംബുലൻസും, പൊലീസ് തുടങ്ങിയവരുടെ സേവനവും ലഭ്യമാക്കിയിരുന്നു. എല്ലാവർക്കും ഉച്ച ഭക്ഷണവും നൽകി. അവശരായവരും, ആറ്റുകാലിൽ പോകാൻ കഴിയാത്തവർക്കും വേണ്ടിയാണ് പള്ളിപ്പുറം പൗര സമിതിയുടെ നേതൃത്വത്തിൽ പൊങ്കാലയിടാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വിദൂര സ്ഥലങ്ങളിൽ നിന്നും എത്തിയവർ പോലും ഇന്നലെ ഇവിടെ പൊങ്കാലയിട്ടത് ശ്രദ്ധേയമായി. ഉച്ചതിരിഞ്ഞ് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും എത്തിച്ച തീർത്ഥം തളിച്ചാണ് നിവേദ്യ സമർപ്പണം നടത്തിയത്. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി, വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, ജില്ലാ പഞ്ചായത്തംഗം എം.ജലീൽ, പള്ളിപ്പുറം വാർഡംഗം വിജയ കുമാർ, മംഗലപുരം സി.ഐ വിനോദ് കുമാർ, തോന്നൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചിരുന്നു.

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പള്ളിപ്പുറത്തും പൊങ്കാലയിട്ടു

0 Comments

Leave a comment