കഴക്കൂട്ടം: ഇന്ന് അനുഗ്രഹീതമായ ഈദുൽ ഫിത്വറിന്റെ (ചെറിയ പെരുന്നാൾ) സുദിനം. ആഗോള തലത്തിൽ 200 കോടിയിൽപരം മുസ്ലിം വിശ്വാസികൾ ഇന്ന് ഈദ് ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ സാക്ഷിയാവാൻ കഴിഞ്ഞതിന് ആദ്യമായി പ്രപഞ്ച നാഥന് സ്തുതി. കുളിച്ച് ശുദ്ധിയായി പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധം പൂശി തക്ബീറിന്റെ സുന്ദര വചനങ്ങൾ പറഞ്ഞ് കൊണ്ട് മസ്ജിദുകളിൽ എത്തുന്ന വിശ്വാസികൾ ഈദ് നമസ്ക്കാരത്തിന് ശേഷം ഈദാശംസകൾ നേർന്ന് ഹസ്തദാനം ചെയ്ത് മടങ്ങും. റമളാനിൽ ചെയ്ത സൽക്കാരങ്ങൾക്ക് പ്രപഞ്ചനാഥൻ പ്രതിഫലം നൽകുന്ന സുദിനമാണിത്. ഓരോ ജനവിഭാഗത്തിനും ആഘോഷങ്ങളുണ്ട്. പരസ്പരം അറിയാനും കൂടുതൽ അടുക്കാനും ആഘോഷങ്ങളെ നാം ഉപയോഗപ്പെടുത്തണം. വിവിധ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരസ്പരം ഇഴുകിച്ചേർന്ന് നിലകൊള്ളുന്ന നമ്മുടെ മാതൃരാജ്യത്ത് മാനവമൈത്രിയും, സ്നേഹ സാഹോദര്യവും നിലനിർത്താനാവശ്യമായ പരിപാടികൾ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കണം. അപ്പോഴാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വർണ്ണ വിസ്മയങ്ങൾ തീർത്ത് നമുക്ക് ഒന്നായി ഒന്നിച്ച് മുന്നോട്ടു നീങ്ങാൻ കഴിയുക. നാം ജീവിക്കുന്ന ബഹുസ്വര സമൂഹത്തിന്റെ കെട്ടുറപ്പും ഐക്യവും കൂടുതൽ പ്രകടമാകേണ്ട സമയം കൂടിയാണിത്.ഇന് നമ്മുടെ രാഷ്ട്രം ആവശ്യപ്പെടുന്നതും അതു തന്നെയാണ്. നിങ്ങളുടെ അയൽവാസി അമുസ്ലിമാണെങ്കിലും ശരി അവരെ ബഹുമാനിക്കണമെന്നുള്ള പ്രവാചക വചനം നമുക്ക് മാർഗ്ഗദർശനം നൽകാൻ പര്യാപ്തമാണ്. വീട്ടിൽ ഒരുക്കപ്പെടുന്ന വിഭവങ്ങളുടെ ഒരോഹരി അയൽവാസിക്ക് കൂടി എത്തുമ്പോഴാണ് ഈദ് കൂടുതൽ സുഗന്ധപൂരിതമായി തീരുന്നത്. ഈ നൻമ പങ്ക് വെക്കുന്നതിന് ജാതിയും മതവും വർണ്ണവും വർഗ്ഗവും മാനദണ്ഡമല്ലെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യത്വം പഠിപ്പിക്കാനും മാനവികതയെ ശക്തിപ്പെടുത്താനുമാണ് സൃഷ്ടാവ് പ്രവാചകന്മാരെ നിയോഗിച്ചത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് ശരിയായ വിശ്വാസിയല്ലെന്നാണ് അന്ത്യപ്രവാചകരുകരുടെ ഉത്ബോധനം. അവിടെ ജാതിക്കും മതത്തിനും അപ്പുറം മാനവികതയുടെ മഹത്തായ മൂല്യത്തിനാണ് പ്രവാചകൻ ഊന്നൽ കൊടുത്തത്.
ഈദ് സന്ദേശം (കെ.എ.ഹാരിസ് മൗലവി റഷാദി - ഇമാം കഴക്കൂട്ടം മുസ്ലിം ജമാഅത്ത്)





0 Comments