കഴക്കൂട്ടം: 18 രാജ്യങ്ങളിൽ നിന്നുമായി പതിനായിരത്തിലേറെ മത്സ്യങ്ങളും കടൽ ജീവികളുമായി കടലിനടിയിലെ വർണ്ണ വിസ്മയത്തിന് നേർക്കാഴ്ച ഒരുക്കിക്കൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഓഷ്യാനോസ് എക്സ്പോ 2019 കഴക്കൂട്ടത്ത്. പടുകൂറ്റൻ മത്സ്യങ്ങളും വ്യത്യസ്തയിനങ്ങളിലുള്ള കടൽ ജീവികളും അവയ്ക്കായുള്ള സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്ക്കരിക്കുകയാണ് എക്സ്പോയിലൂടെ. ആറരക്കോടി രൂപ ചെലവിട്ട് ജി.ഐ സ്റ്റെയിൻലസ് സ്റ്റീൽ സ്ട്രക്ചറും അക്കർലിക് ഗ്ലാസും ഉപയോഗിച്ച് 150 അടി നീളത്തിൽ നിർമ്മിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകൾ കാണത്തക്ക വിധത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ജനുവരി 25നു തുടങ്ങിയ എക്സ്പോയ്ക്ക് കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എക്സ്പോയുടെ തീം സോങ്ങ് റിലീസ് ഇന്നലെ വൈകിട്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. കഴക്കൂട്ടത്ത് ടെക്നോപാർക്കിനു നേരെ എതിർവശത്തുള്ള രാജധാനി മൈതാനത്താണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. നീൽ എന്റർടെയ്ൻമെന്റാണ് ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. അണ്ടർ വാട്ടർ ടണലിന്റെ അതിശയിപ്പിക്കുന്ന കടൽ മത്സ്യങ്ങൾക്കു പുറമേ ഫുഡ് കോർട്ട്, ഷോപ്പിങ്, ഫാമിലി ഫൺ ഗയിംസ്, സ്റ്റേജ് പ്രോഗ്രാം എന്നിവയും കണ്ണിനും മനസിനും ഒരു പോലെ കുളിർമയേകുന്ന ദൃശ്യവിരുന്നാണ് കാണികൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 9.30 വരെയാണ് കാഴ്ചക്കാർക്കായുള്ള എക്സ്പോയുടെ പ്രദർശനം. ജനുവരി 25നു തുടങ്ങിയ എക്സ്പോ ഫെബ്രുവരി 25ന് സമാപിക്കും.
ഓഷ്യാനോസ് - 2019 അണ്ടർ വാട്ടർ ടണൽ എക്സ്പോ കഴക്കൂട്ടത്ത്





0 Comments