കഴക്കൂട്ടം: കോവിഡാനന്തര കാലത്തിന് കരുതലായി കാർഷിക വിളകൾ കാര്യവട്ടം ക്യാമ്പസിൽ കൃഷിചെയ്യുന്നതിന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 20 ഏക്കറിൽ നെൽകൃഷിയും അഞ്ചേക്കറിൽ മറ്റു കിഴങ്ങു വർഗങ്ങളും ആയിരിക്കും കൃഷി ചെയ്യുക. സർവ്വകലാശാല സസ്യ, ശാസ്ത്ര, പരിസ്ഥിതി വകുപ്പുകൾ കൃഷിക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടു കൂടി ആയിരിക്കും കൃഷി. അധ്യാപനത്തോടൊപ്പം രണ്ടു മണിക്കൂർ കൃഷിയിൽ ഏർപ്പെടുന്നതിന് വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതാണ് പദ്ധതി. കാർഷിക വൃത്തിയിൽ ഏർപ്പെടുന്നതിന് സ്വയം സന്നദ്ധരായി വരുന്ന വിദ്യാർത്ഥികൾക്ക് കാർഷിക ഫെലോഷിപ്പ് ഏർപ്പെടുത്താനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ കമ്മ്യൂണിറ്റി ഫാമിംഗ് ക്ലബുകൾ രൂപീകരിച്ച് കാർഷിക സംസ്കാരം വളർത്തുന്നതിന് പദ്ധതി രൂപീകരിക്കും. കൃഷിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കോളേജുകൾക്ക് ഹരിതാലയം അവാർഡ് ഏർപ്പെടുത്തും. വരും വർഷങ്ങളിൽ എൻ.എസ്.എസിനെ പൂർണ്ണമായും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കും. കൂടാകെ കോളേജുകളിലെ സന്നദ്ധ സേനയും, പാലിയേറ്റീവ് അംഗങ്ങളും യോജിച്ച് രക്തദാനം നടത്തുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ നിർദ്ദേശം നൽകും. കാര്യവട്ടം ക്യാമ്പസിലെ കമ്മ്യൂണിറ്റി ലബോറട്ടറി പ്രവർത്തിപ്പിക്കാനും, ആരോഗ്യ ശുചിത്വ സംരക്ഷണ സാമഗ്രികൾ സർവകലാശാല ജീവനക്കാർക്കും, വിദ്യാർഥികൾക്കും, നാട്ടുകാർക്കും ആവശ്യമായ തരത്തിൽ ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർവകലാശാലയുടെ സാങ്കേതിക ഉപകരണങ്ങൾ സർക്കാർ ആവശ്യാനുസരണം വിട്ടു നൽകാനും തീരുമാനമായി. ലോക്ക് ഡൗൺ കാലത്ത് സർവ്വകലാശാല ഹോസ്റ്റലുകളിൽ തങ്ങേണ്ടി വന്ന വിദ്യാർത്ഥികൾക്ക് പൂർണമായും ഹോസ്റ്റൽ ഫീസ് ഇളവ് ചെയ്യാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചു.
കോവിഡാനന്തര കാലത്തേക്ക് കരുതൽ ഒരുക്കി കേരള സർവകലാശാല





0 Comments