/uploads/news/news_പൂക്കളും_പൂമ്പാറ്റകളും_നിറഞ്ഞ_ഉദ്യാനാന്ത..._1666967955_2061.jpg
Health

പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഉദ്യാനാന്തരീക്ഷം സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിക്ക് തുടക്കമായി


കഴക്കൂട്ടം, തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ കഴിവുകള്‍ നാടിന്റെ പുരോഗതിക്ക് പ്രയോജനകരമാകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുവാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.  ഭിന്നശേഷിക്കുട്ടികള്‍ക്ക് സസ്യപരിപാലനത്തിലൂടെ തെറാപ്പി നല്‍കുന്നതിനായി നബാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചെറിയ കാര്യങ്ങളാണ് പലപ്പോഴും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതെന്നും  അത്തരത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭിന്നശേഷിക്കാരില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമെത്തിക്കുവാന്‍ ശ്രമിക്കുന്ന പുതിയ ആശയമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ നടപ്പിലാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ശരിയായ ശേഷി വളര്‍ത്തുവാന്‍ ഈ സംരംഭത്തിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഡിഫറന്റ് ആര്‍ട് സെന്ററിനോട് ചേര്‍ന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. യൂണിറ്റില്‍ ക്രമീകരിച്ചിരിക്കുന്ന റൊട്ടേറ്റിംഗ് പാനില്‍ അലങ്കാരച്ചെടികളുടെ പോട്ട് സ്ഥാപിച്ചാണ് മന്ത്രിമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.  നബാര്‍ഡ് സി.ജി.എം ഗോപകുമാരന്‍ നായര്‍.ജി മുഖ്യാതിഥിയായി. കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ റോയ് സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസര്‍ മിനു അന്‍വര്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, പ്രോജക്ട് ഓഫീസര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

സെന്‍സറി പ്ലാന്റ്‌സ്, വിവിധയിനം പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങി നിരവധി ചെടികള്‍ അടങ്ങുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കുട്ടികളുടെ മേല്‍നോട്ടത്തിലാണ്. ഓരോ കുട്ടിക്കും ഓരോ ചെടിയാണ് പരിപാലിക്കുവാനായി നല്‍കിയിരിക്കുന്നത്. അതിന്റെ വളര്‍ച്ച കുട്ടികള്‍ തന്നെ പരിശോധിച്ച് രേഖപ്പെടുത്തുന്ന സിസ്റ്റവും യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ ശാരീരിക മാനസിക വികാസത്തിന് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ഏറെ പ്രയോജനകരമാകുമെന്നും ഇതിനായി നബാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരുടെ സഹകരണവും പിന്തുണയുമുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

സെന്‍സറി പ്ലാന്റ്‌സ്, വിവിധയിനം പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങി നിരവധി ചെടികള്‍ അടങ്ങുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കുട്ടികളുടെ മേല്‍നോട്ടത്തിലാണ്.

0 Comments

Leave a comment