/uploads/news/news_വൈറ്റമിൻ_ഡി3_നിങ്ങളെ_വലയ്ക്കുന്നുണ്ടോ_1676804345_2507.jpg
Health

വൈറ്റമിൻ ഡി3 നിങ്ങളെ വലയ്ക്കുന്നുണ്ടോ?


"വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടി കൊഴിച്ചിലാണേൽ പറയേം വേണ്ട". ഇത്തരം പരാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. കാൽസ്യമോ വൈറ്റമിൻ ഡി 3 യോ ആവശ്യത്തിനുള്ള അളവിൽ ശരീരത്തിലില്ല എന്നതാണ് പലരിലും ഈ ബുദ്ധിമുട്ടിന് കാരണം. ഇവ കൂടാതെ ആശയക്കുഴപ്പം, ഓർമ്മക്കുറവ്, മാംസ പേശികളുടെ വലിച്ചിൽ, കൈകളിലും കാലുകളിലും മുഖത്തും പെരുപ്പും തുടിക്കുന്ന പോലുള്ള തോന്നലും, ഉൻമേഷക്കുറവ്, ഇല്ലാത്തവ ഉണ്ടെന്ന് തോന്നുക, പേശികൾ കോച്ചി വലിക്കുക, നഖങ്ങളുടെ ബലം കുറയുകയും പൊട്ടിപ്പോകുകയും ചെയ്യുക, അസ്ഥികൾ ഒടിയുവാൻ കൂടുതൽ സാദ്ധ്യത എന്നിവയാണ് കാൽസ്യം കുറയുന്നത് കാരണമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾ.

ഇതേ ബുദ്ധിമുട്ടുകൾ വൈറ്റമിൻ ഡി3 കുറയുന്നത് കാരണവും ഉണ്ടാകും. ആവശ്യമായ കാൽസ്യത്തിന്റെ നാലിൽ മൂന്ന് ഭാഗവും സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നുണ്ട്. എന്നിട്ടും ഇവയുടെ അളവ് ഇത്രയേറെ കുറയുന്നത് എന്തുകൊണ്ട് ?

കാത്സ്യവും ഫോസ്ഫറസും ശരീരത്തിൽ ശരിയായി ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി ശരിയായി പ്രവർത്തിക്കാത്തവരിൽ  സൂര്യപ്രകാശമേൽക്കുന്നത് കൊണ്ട് മാത്രം ശരിയായ അളവിൽ കാൽസ്യം ഉണ്ടായിരിക്കണമെന്നില്ല. അതിൽ തന്നെ കോളീകാൽസിഫെറോൽ എന്ന വിറ്റാമിൻ ഡി 3 ആണ് പ്രധാനമായി കാത്സ്യം ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്നത്. 

പകൽ 10 മണിക്ക് ശേഷം വൈകുന്നേരം 3.30 ന് മുൻപ് വെയില് കൊള്ളുന്നവർക്ക് മാത്രമേ വൈറ്റമിൻ ഡി 3 ലഭിക്കുകയുള്ളൂ. പ്രകൃതിദത്തമായി ഇവ ലഭിക്കുന്നത് മത്സ്യം, മീനെണ്ണ, മുട്ടയുടെ മഞ്ഞ തുടങ്ങിയ നോൺവെജ് ആയിട്ടുള്ള ആഹാര വസ്തുക്കൾ ഉപയോഗിക്കുന്നവരിലാണ്.

കാൽസ്യത്തിൻറെ അളവ് കുറയുന്നത് അസ്ഥികളുടേയും പല്ലുകളുടേയും ബലം, ഹൃദയാരോഗ്യം, പേശികളുടേയും ഞരമ്പുകളുടേയും പ്രവർത്തനം തുടങ്ങിയവയെ ബാധിക്കും. ശരീരത്തിലുള്ള 99 % കാൽസ്യവും സംഭരിക്കപ്പെടുന്നത് അസ്ഥികളിലും പല്ലുകളിലുമാണ്. അതുകൊണ്ടു തന്നെ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ അസ്ഥികൾക്കും പല്ലുകൾക്കും ബലക്കുറവുണ്ടാകുകയും പൊട്ടുകയും തേയ്മാനമുണ്ടാകുകയും അസ്ഥി സാന്ദ്രത കുറയുന്ന ഓസ്റ്റിയോ പീനിയ, ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങൾ അസ്ഥികളെ ബാധിക്കുകയും ചെയ്യും.

ആർത്തവവിരാമ ശേഷം അസ്ഥികളുടെ സാന്ദ്രത കുറയുമെന്നതിനാൽ അപ്പോഴും കാൽസ്യത്തിന്റെ അളവ് കൃത്യമായി നിലനിർത്തുവാൻ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. മുലയൂട്ടുന്ന അമ്മമാരിലും കാൽസ്യം കുറഞ്ഞു കാണാറുണ്ട്. 

ദൈനംദിന പ്രവർത്തനങ്ങൾ ശരിയായി നടത്തുന്നതിന് മേൽപ്പറഞ്ഞ അളവിലുള്ള അത്രയും കാൽസ്യമോ വൈറ്റമിൻ ഡി 3 യോ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ കുറവുള്ളത് എത്രയാണോ അത്രയും അസ്ഥികളിൽ നിന്നും പല്ലുകളിൽ നിന്നും സ്വീകരിക്കുവാൻ ശരീരം നിർബന്ധിതമാകും. അത് അസ്ഥികളുടേയും പല്ലിന്റേയും ബലക്കുറവിനും അതു കാരണമുള്ള മറ്റ് ബുദ്ധിമുട്ടുകൾക്കും ഇടയാക്കും.

പാൽ, പാൽക്കട്ടി, യോഗർട്ട്, ബീൻസ്, ബദാം, കടൽ വിഭവങ്ങൾ, പച്ചനിറമുള്ള ഇലക്കറികൾ, പയറുവർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, എള്ള്, ചണവിത്ത്, മത്തി, കോര തുടങ്ങിയ മീനുകൾ, ഉണക്കിയ അത്തിപ്പഴം, പശുവിന്റേയും ആടിന്റേയും പാൽ തുടങ്ങിയവ ഇത്തരം രോഗികൾ കൂടുതൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങളാണ്. ഇവിടെ പറഞ്ഞ മത്സ്യങ്ങൾ മുള്ളുകളുൾപ്പെടെ ചവച്ച് കഴിക്കുന്നതാണ് ഉത്തമം. കൊഞ്ച്, ഞണ്ട്, ചുണ്ണാമ്പ് വാള, കക്ക, നെത്തോലി, കാരൽ തുടങ്ങിയ മീനുകളും നല്ലതാണ്. ഉണക്കിയ പഴങ്ങളിൽ കാൽസ്യം അടങ്ങിയിട്ടുണ്ടെങ്കിലും അത്തിപ്പഴം തന്നെയാണ് ശ്രേഷ്ഠം. പാലിലും പാലുല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള കാൽസ്യം കൂടുതൽ എളുപ്പത്തിൽ ആഗീരണം ചെയ്യുവാൻ സാധിക്കുമെന്നതിനാൽ പശു, ആട് എന്നിവയുടെ പാലിന് പ്രാധാന്യമേറും. എന്നാൽ പാലോ പാൽ ചേർത്ത ചായയോ കോഫിയോ മറ്റ് ആഹാരങ്ങളുടെ കൂടെ കഴിക്കാതെ പ്രത്യേകം ഉപയോഗിക്കുന്നതാണ് നല്ലത്. സസ്യഭുക്കുകളായവർ പാൽക്കട്ടി ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇവയൊന്നും തന്നെ സൂര്യപ്രകാശമേൽക്കുന്നതിന് പകരമാകില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?

ഇവിടെ പറഞ്ഞ ശരാശരി അളവിൽ സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന കാത്സ്യത്തിന്റെ ബാക്കിയുള്ളത് ഇപ്പറഞ്ഞ ആഹാര വസ്തുക്കളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്. അതുതന്നെയും ഒരു ദിവസത്തേക്ക് ആവശ്യമായ കാൽസ്യത്തിന്റെ അളവ് കണക്കാക്കി പല തവണകളായി മാത്രമേ അവ ഉപയോഗിക്കാവൂ. ഒരു ദിവസത്തേക്ക് ആവശ്യമായ കാൽസ്യം ഒറ്റത്തവണയായി ശരീരത്തിന് ലഭിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് മാത്രമല്ല അത് ദോഷകരവുമാണ്. അതുകൊണ്ടാണ് 1,000 മില്ലി ഗ്രാം കാൽസ്യം ലഭിക്കുവാൻ വേണ്ടി സൂര്യപ്രകാശം കൊള്ളുകയും പ്രത്യേക ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനേക്കാൾ എളുപ്പമാണല്ലോ 500 മില്ലി ഗ്രാമിന്റെ 2 ഗുളിക കഴിക്കുന്നതെന്ന് വിചാരിക്കുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടി വരുന്നത്. 

മാത്രമല്ല 50 വയസ്സ് വരെ പ്രായമുള്ളവർ ഒരു ദിവസം സ്വീകരിക്കേണ്ട കാൽസ്യത്തിന്റെ പരമാവധി അളവ് 2,500 മില്ലി ഗ്രാമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 2,000 മില്ലി ഗ്രാം മതിയാകും. സൂര്യപ്രകാശമേറ്റും കാത്സ്യം ലഭിക്കുന്ന ഭക്ഷണമുൾപ്പെടുത്തിയും കാൽസ്യം സപ്ലിമെൻറുകൾ കഴിച്ചും കാൽസ്യം കൂട്ടുവാനായി ശ്രമിക്കുന്നവർ ഇക്കാര്യം ഓർത്തിരിക്കേണ്ടതാണ്. 500 മില്ലി ഗ്രാമിൽ കൂടുതൽ കാൽസ്യം സപ്ലിമെൻറ് ഒറ്റത്തവണയായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതുമാണ്.

സസ്യഭുക്കുകൾ, പ്രോട്ടീനും ഉപ്പും അധികമായി ഉപയോഗിക്കുന്നതിനാൽ ശരീരത്തിൽ നിന്നും കാൽസ്യം ആവശ്യത്തിലധികമായി പുറത്തേക്ക് നഷ്ടപ്പെടുന്നവർ, കാൽസ്യത്തിന്റെ ആഗീരണം ഫലപ്രദമായി  നടക്കാത്ത ക്രോൺസ് ഡിസീസ്, ഇറിറ്റബിൽ ബവൽ സിൻഡ്രോം തുടങ്ങിയ രോഗങ്ങളുള്ളവർ, തുടർച്ചയായി കോർട്ടിക്കോ സ്റ്റീറോയിഡ്സ് ഉപയോഗിക്കുന്നവർ, ഓസ്റ്റിയോപോറോസിസ് എന്ന രോഗമുള്ളവർ, സൺസ്ക്രീൻ ലോഷനുകൾ സ്ഥിരമായി ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുന്നവർ, സൂര്യപ്രകാശമേൽക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്ന രീതിയുള്ളവർ, വെയിലേൽക്കാത്തവിധം വസ്ത്രം ധരിക്കുന്നവർ, മധുരം അധികമായി ഉപയോഗിക്കുന്നവർ എന്നിവർക്കെല്ലാം  സപ്ലിമെന്റുകൾ ആവശ്യമായി വരാം. 

പ്രകൃതിദത്തമല്ലാത്ത സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടിവരുന്നവർക്ക്  ഹൃദയാഘാതം, പക്ഷാഘാതം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ, വൃക്കയിലെ കല്ല്, ഇരുമ്പ്, സിങ്ക്, മെഗ്നീഷ്യം എന്നിവയുടെ ആഗിരണത്തിന് തടസ്സം, രക്തത്തിൽ കാൽസ്യത്തിന്റെ സാന്നിദ്ധ്യം വർദ്ധിച്ചുണ്ടാകുന്ന ഹൈപ്പർകാൽസീമിയ, അതുകാരണമുണ്ടാകുന്ന വയറു വേദന, ഓക്കാനം, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ, മലബന്ധം, വിഷാദം എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

ചുരുക്കത്തിൽ കാൽസ്യം ശരീരത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. 80 ശതമാനത്തോളം കാൽസ്യം ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം ഒഴിവാക്കുന്നത് ഒട്ടും അഭികാമ്യമല്ല. അഥവാ സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തവർ പകരമായി ആവശ്യമായ അളവിൽ പ്രകൃതിദത്ത കാൽസ്യമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടിവരും. പ്രായം കൊണ്ടും പലവിധ അസുഖങ്ങൾ കാരണവും അതത്ര എളുപ്പമാകണമെന്നില്ല. കാൽസ്യം അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കുവാൻ ദഹനശേഷിയും അനുവദിക്കണമെന്നില്ല. അപ്പോൾ പിന്നെ പരിഹാരമെന്നോണം  സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ അതിന്റെ തുടർച്ചയായ ഉപയോഗം മേൽപ്പറഞ്ഞ പുതിയ രോഗങ്ങൾക്ക് കൂടി കാരണമായേക്കാം. ആയതിനാൽ ഇവ മനസ്സിലാക്കി എത്രയും വേഗത്തിൽ ശരിയായ അളവിൽ കാൽസ്യമോ വൈറ്റമിൻ ഡി 3 യോ ലഭിക്കുന്ന വിധത്തിലുള്ള ജീവിതശൈലി ചിട്ടപ്പെടുത്തുകയാണ് നല്ലത്. ഇതിനുള്ള ആയുർവേദ ഔഷധങ്ങൾ നമുക്ക് കൂടുതൽ സാത്മ്യമായി പ്രവർത്തിക്കുന്നവയാണ്.


(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം.)

നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിളിക്കൂ... ഫോൺ: 94479 63481).

"വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടി കൊഴിച്ചിലാണേൽ പറയേം വേണ്ട". ഇത്തരം പരാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു.

0 Comments

Leave a comment