ചിറയിൻകീഴ്: കോവിഡ് 19, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ ഏകോപിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആയുഷ് വിഭാഗം ഡോക്ടർമാരുടെയും എട്ട് പഞ്ചായത്തുകളിലെ പ്രസിഡൻറ്, സെക്രട്ടറിമാരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുഭാഷ് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന മെഡിക്കൽ സർവീസ് ഹെൽപ്പ് ഡെസ്ക് ആയുർവേദ വിഭാഗം കൺവീനർ ഡോ.ഷർമദ് ഖാൻ സ്വാഗതം പറയുകയും നിലവിലുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ആയുഷ് സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ ആയുഷ് സ്ഥാപനങ്ങൾ വഴി ഇതു വരെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഈ മാസം25 ന് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അതാത് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പകർച്ച വ്യാധികൾ തടയുന്നതിനായി ധൂപസന്ധ്യ നടത്തും. സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, നിരാമയ എന്നീ പദ്ധതികൾ സംബന്ധിച്ചും ആയുർരക്ഷാ ക്ലിനിക്കുകളിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ലഭിക്കുന്ന വിവരങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി എല്ലാ ആയുഷ് സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. എല്ലാ പഞ്ചായത്തിലും ആശാ വർക്കർമാരെ ഉൾപ്പെടുത്തി സർക്കാർ നിർദ്ദേശിച്ച ആയുഷ് പദ്ധതികൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തി പ്രതിരോധ ഔഷധങ്ങൾ വിതരണം ചെയ്യും. ചിറയിൻകീഴ് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ആരംഭിച്ച മെഡിക്കൽ സർവ്വീസ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങളുമായി ആയുഷ് ഡോക്ടർമാർ സഹകരിക്കും. അതിന്റെ പ്രവർത്തനങ്ങൾ കോവിഡ് കാലം കഴിഞ്ഞും തുടരുന്നതിന് വേണ്ട നടപടി സ്വീകരിക്കും. ആയുഷ് സ്ഥാപനങ്ങൾക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക്, ലിക്വിഡ് ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ആയുർവേദ പ്രതിരോധ ഔഷധങ്ങൾ ആവശ്യത്തിനു നൽകുവാൻ സാധിക്കുന്ന വിധം മരുന്ന് വളരെ വേഗത്തിൽ തന്നെ ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ പഞ്ചായത്തുകളിലുമുള്ള പൊതു ജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ബോധവല്ക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ലഘു വ്യായാമം, യോഗ, നല്ല ഭക്ഷണം, മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കൽ, കൃത്യനിഷ്ട, ദിനചര്യ, കാലാവസ്ഥാ ചര്യ എന്നിവ പ്രചരിപ്പിക്കും. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ പകർച്ച വ്യാധികളിൽ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
കോവിഡ്, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഡെപ്യൂട്ടി സ്പീക്കർ





0 Comments