പോത്തൻകോട്: കൊറോണ വൈറസിനെതിരെ ചെറുത്ത് നില്പിനായി വിപണിയിൽ മാസ്കും സാനിറ്റൈസറും ലഭ്യമല്ലാത്തതിനാൽ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മാതൃകയായി. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ സാനിറ്റൈസർ ലഭ്യമല്ലാത്തതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫാർമസി കോളേജ് സാനിറ്റൈസർ നിർമ്മിച്ച മാതൃക പിന്തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള അനുപാതത്തിൽ സാനിറ്റൈസർ നിർമ്മിച്ചത്. സർജിക്കൽ സ്പിരിറ്റും ഹൈഡ്രജൻ പെറോക്സൈഡും ഗ്ലിസറിനും ജലവും നിശ്ചിത അനുപാതത്തിൽ ചേർത്താണ് 75 ശതമാനം ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ആരോഗ്യപ്രവർത്തകർക്കായി നിർമ്മിച്ചത്.കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഡെപ്യുട്ടി സ്പീക്കർ വി.ശശി വിളിച്ചുചേർത്ത യോഗത്തിൽവെച്ച് പുതുതായി നിർമ്മിച്ച സാനിറ്റൈസർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് നൽകി ഡെപ്യുട്ടി സ്പീക്കർ വിതരണോത്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി ജി.എൻ.ഹരികുമാർ,മെഡിക്കൽ ഓഫീസർ ഡോ.മിനി പി.മണി,ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്,ആശാവർക്കർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. പൊതുജനങ്ങൾ കൈ കഴുകുവാൻ സോപ്പ് ഉപയോഗിച്ചാൽ മതിയെന്നും സാനിറ്റൈസർ ആരോഗ്യ പ്രവർത്തകർക്ക് മാത്രമേ ആവശ്യമുള്ളുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന പൊതുജനങ്ങൾക്കേ മാസ്ക് ധരിക്കേണ്ട ആവശ്യമുള്ളുവെന്നും ഈ രണ്ടുവസ്തുക്കളും പൊതുജനങ്ങൾ അനാവശ്യമായി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പി.എച്ച്.സി





0 Comments