/uploads/news/news_അമ്മക്കിളികൾക്ക്_സ്നേഹക്കൂടൊരുക്കി_യൂസഫല..._1668704504_2155.jpg
INAUGURATION

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മക്കിളികൾക്ക് സ്വന്തം


പത്തനാപുരം: എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 

മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എം എ. യൂസഫലി, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ്റെ സാന്നിധ്യത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാർ ചേർന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വീൽചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും പുനലൂർ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂർത്തിയായി. എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ മന്ദിരവും അത്തരത്തിലൊന്നാണെന്നും എം.എ. യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

ഗാന്ധിഭവനിലെത്തിയ അദ്ദേഹം അവിടെയുള്ള അമ്മമാരോട് കുശലം ചോദിച്ചു. നെറ്റിയില്‍ ചുംബിച്ചു. ചിലര്‍ അദ്ദേഹത്തെ കണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം സ്നേഹത്തോടെ തടഞ്ഞു. മക്കളെ കണ്ട് അമ്മമാര്‍ എഴുന്നേല്‍ക്കരുതെന്നും തിരിച്ചാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അമ്മമാരോടും അദ്ദേഹം സംസാരിച്ചു. ചിലര്‍ കരഞ്ഞപ്പോള്‍ അദ്ദേഹം ആശ്വസിപ്പിച്ചു.

മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ എല്ലാ മാസവും ഗാന്ധിഭവന് നൽകും. ഇത് തൻ്റെ മരണശേഷവും മുടങ്ങാതെ തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാർക്ക് വേണ്ടിയും സമാനമായ രീതിയിൽ മന്ദിരം നിർമ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.2019 മേയ് 4 ന് ശിലാസ്ഥാപനം നടത്തി നിർമ്മാണം ആരംഭിച്ച മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്.

 അമ്മമാർക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിൾ സൈഡ് റെയിൽ കിടക്കകൾ, ഫർണിച്ചറുകൾ, രണ്ട് ലിഫ്റ്റുകൾ, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദസൗകര്യങ്ങൾ, പ്രാർഥനാമുറികൾ, ഡൈനിങ് ഹാൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണസംവിധാനങ്ങൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, തീവ്രപരിചരണ വിഭാഗങ്ങൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഓഫീസ് സംവിധാനങ്ങൾ എന്നിങ്ങനെ നീളുന്നു.

ഒരേസമയം 250 പേർക്ക് താമസിക്കാം. എം.എ. യൂസഫലിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു എല്ലാ നിർമ്മാണപ്രവർത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കർ ഭൂമിയിൽ നാൽപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. നിങ്ങള്‍ സന്തോഷത്തോടെയും സ്‌നേഹത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ് ഈ കെട്ടിടം ഞാന്‍ പണി കഴിപ്പിച്ചതെന്ന് യൂസഫലി അമ്മമാരോട് പറഞ്ഞു. ആരുടെ കൈയ്യില്‍ നിന്നും നന്ദി പ്രതീക്ഷിച്ചിട്ടല്ല ഇത് ചെയ്തത്. പേരെടുക്കാനുമല്ല. ദൈവത്തിന്റെ കരുണ പ്രതീക്ഷിച്ചാണ് ഇതെല്ലാം ചെയ്തതെന്നും യൂസഫലി പറഞ്ഞു.

മുമ്പ് വന്നപ്പോള്‍ നിങ്ങളുടെ വിഷമം കണ്ടു. അന്ന് തീരുമാനിച്ചത് പ്രകാരമാണ് ഗാന്ധി ഭവന് പുതിയ കെട്ടിടം പണിതതെന്നും യൂസഫലി പറഞ്ഞു. ഇത് അമ്മമാരുടെ സ്വര്‍ഗമാണെന്നും വിശാലമായ സൗകര്യമാണ് ഇവിടെയുള്ളതെന്നും ഗാന്ധി ഭവന്റെ അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യൂസഫലിയുടെ ജന്മദിനം കൂടിയായിരുന്നു.

മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ എല്ലാ മാസവും ഗാന്ധിഭവന് നൽകും. ഇത് തൻ്റെ മരണശേഷവും മുടങ്ങാതെ തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

0 Comments

Leave a comment