/uploads/news/news_കോട്ടയത്ത്_വിദ്യാർഥി_ബസിൽ_നിന്ന്_തെറിച്ച..._1665226426_358.png
KERALA

കോട്ടയത്ത് വിദ്യാർഥി ബസിൽ നിന്ന് തെറിച്ചു വീണ സംഭവം: ബസ് പൊലീസ് പിടിച്ചെടുത്തു


കോട്ടയത്ത് ഓടുന്ന ബസിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണ സംഭവത്തിൽ ബസ് പൊലീസ് പിടിച്ചെടുത്തു. ചിങ്ങവനം റൂട്ടിലോടുന്ന ചിപ്പി ബസാണ് പൊലീസ് പിടിച്ചെടുത്തത്.

സംഭവം നടന്നതിന് പിന്നാലെ തിരുവഞ്ചൂർ  രാധാകൃഷ്ണൻ എം.എൽ.എ സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളുമായി ആർടിഒയും മുന്നോട്ടു പോകുന്നുണ്ട്.

ഇന്നലെ വൈകുന്നേരം നാലു മണിയോടുകൂടിയായിരുന്നു സംഭവം. പാക്കിൽ സിഎംഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചു വീണത്. മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രണ്ടു പല്ലുകൾ ഇളകുകയും മേൽചുണ്ടിന് മുറിവേൽക്കുകയും ചെയ്തു.

ഇന്നലെ സ്‌ക്കൂൾ വിട്ട് വരുന്നതിനിടെയാണ് അപകടം നടന്നത്. ബസ് അമിത വേഗതയിലായിരുന്നെന്നും, ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ഓട്ടോമാറ്റിക് ഡോറായിരുന്നു ബസിന്റേത്. കുടംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ ആര്‍.ടി.ഒ നിർദേശിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്നവും അമിത വേഗതയും അപകടത്തിനു കാരണമെന്നാണ് നിഗമനം.

ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും

0 Comments

Leave a comment