തിരുവനന്തപുരം:എൻഡോസൾഫാൻ ദുരന്തബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2017-ലെ മെഡിക്കൽ ക്യാമ്പിൽ ബയോളജിക്കൽ പ്ലോസിബിൾ (Biological Plausible) ലിസ്റ്റിൽ ഉൾപ്പെട്ട 1905 പേരിൽ അന്ന് 18 വയസിൽ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്. നേരത്തെ മെഡിക്കൽ സംഘം ശുപാർശ ചെയ്തവരുടെ കാര്യത്തിൽ വീണ്ടും പരിശോധന നിർബന്ധമില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന കൂടി നടത്തിയാകും തീരുമാനമെടുക്കുക. മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുമെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു. ചർച്ചയിൽ സമരസമിതി പ്രതിനിധികളായ അംബികാസൂതൻ മാങ്ങാട്, മുനീസ, കെ. സെമീറ, അരുണി ചന്ദ്രൻ, കെ. സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ ഈ ഒത്തുതീർപ്പിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.
എന്‍ഡോസള്‍ഫാന്‍ സമരം മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പിൻവലിച്ചു





0 Comments