/uploads/news/2008-images - 2021-06-17T054524.642.jpeg
Local

കെ റെയിൽ പദ്ധതി തുഗ്ലക്ക് പരിഷ്ക്കാരം - ജോസഫ്. സി. മാത്യൂ


തിരുവനന്തപുരം: കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്ന ആധുനിക തുഗ്ലക്ക് പരിഷ്ക്കാരമാണ് കെ - റെയിൽ പദ്ധതിയെന്ന് സാമൂഹ്യ- രാഷ്ട്രീയ നിരീക്ഷകനായ ജോസഫ്.സി.മാത്യു പറഞ്ഞു. കെ റെയിൽ ദുരന്ത പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന തിരുവനന്തപുരം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പിലാക്കിയാൽ ഇപ്പോൾ തന്നെ ലക്ഷ കണക്കിന് രൂപ കടക്കെണിയിലായ കേരളത്തെ സാമ്പത്തികമായി തകർക്കുന്നതിന് കാരണമാകും. ഇന്ത്യൻ റെയിൽവേ ആധുനീകരിക്കുകയും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ തന്നെ ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗതയിൽ ട്രെയിൻ സർവീസ് നടത്താൻ സാധിക്കും. റെയിൽവേയിൽ അതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് എത്രയും വേഗം പൂർത്തീകരിക്കുകയാണ് വേണ്ടത്. ഭീമമായ തുക വായ്പയെടുത്തു കൊണ്ടുള്ള കെ റെയിൽ പദ്ധതി തീർത്തും അനാവശ്യമാണ്. വികസനം സാധാരണ ജനങ്ങളുടെ ജീവിതോപാധികളെ ഇല്ലായ്മ ചെയ്യുന്നതാവരുത്. സർക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. ബഹുഭൂരിപക്ഷം സാധാരണ ജനങ്ങൾക്കും ഉപയോഗപ്പെടാത്ത കെ റെയിൽ പദ്ധതി ചില വൻകിടക്കാരുടെ താൽപര്യം മുൻനിർത്തിയുള്ളതാണ്. മറ്റ് യാത്രാ മാർഗ്ഗങ്ങൾ വഴി യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നിരിക്കെയാണ് ശാസ്ത്രീയമായ യാതൊരു വിധ പഠനവും നടത്താതെ കെ റെയിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷനിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജയകുമാർ.എസ് മുഖ്യപ്രഭാഷണം നടത്തി. പാരിസ്ഥിതികമായി കേരളത്തെ നശിപ്പിക്കുന്ന ഈ പദ്ധതിക്കെതിരെ കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും രംഗത്ത് വരണമെന്നും ശാസ്ത്ര-സാഹിത്യ പരിഷത്ത് കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തോടൊപ്പം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽ വിരുദ്ധ സമിതി സംസ്ഥാന രക്ഷാധികാരി കെ.ശൈവ പ്രസാദ് വർക്കല അധ്യക്ഷത വഹിച്ചു. സംസ്കാരിക-സാഹിത്യ പ്രവർത്തക ഡോ. പ്രിയ സുനിൽ, കവിയും സാഹിത്യകാരനുമായ രാമചന്ദ്രൻ കരവാരം, കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്.രാജീവൻ, സമര സമിതി ജില്ലാ നേതാക്കളായ അഡ്വ. സിറാജുദ്ദീൻ കരിച്ചാറ, കെ.എസ്.എ.റഷീദ്, ബി.രവി, സമരസമിതി ജില്ലാ കോ- ഓർഡിനേറ്റർ എ.ഷൈജു എന്നിവരും സംസാരിച്ചു. ലോക്ക്ഡൗൺ സാഹചര്യം മാറുന്നതിനനുസരിച്ച് നേരിട്ടുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.

കെ റെയിൽ പദ്ധതി തുഗ്ലക്ക് പരിഷ്ക്കാരം - ജോസഫ്. സി. മാത്യൂ

0 Comments

Leave a comment