കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണുവാൻ എത്തുന്നത് ആയിരങ്ങൾ. കോടിയേരി ബാലകൃഷ്ണനെ നെഞ്ചേറ്റിയ കണ്ണൂരിന്റെ മണ്ണിലൂടെ വിലാപയാത്ര ആരംഭിച്ചത് മുതൽ പ്രിയ സഖാവിന് അഭിവാദ്യമർപ്പിക്കുവാൻ സ്ത്രീപുരുഷ ഭേദമന്യേ റോഡിനിരുവശവും ആളുകൾ തടിച്ച് കൂടുകയായിരുന്നു.

സിപിഎം ലോക്കൽ സെക്രട്ടറി എന്ന നിലയിൽ നിന്നും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി കണ്ണൂരുകാർക്ക് ആരായിരുന്നുവെന്നാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളത്തിൽ ചർച്ചയാകുന്നത്.

മാടപ്പീടികയിലെ വസതിയിൽ നിന്ന് വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലേക്കെത്തിച്ചപ്പോഴും റോഡിനിരുവശവും ആളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണുവാനായി എത്തിയിരുന്നു. അവിടെ നിന്ന് ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചപ്പോഴും ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം നിരവധി പേരാണ് എത്തിയത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിവിധ കക്ഷിനേതാക്കൾ മന്ത്രിമാർ എന്നിവരും പുഷ്പചക്രം സമർപ്പിച്ചതിന് പിന്നാലെ തങ്ങളുടെ പ്രിയസഖാവിനെ കാണാൻ കാത്ത് നിന്ന ആളുകളും അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക് മൂന്നിന് പയ്യാമ്പലത്താണ് സംസ്കാരം നടക്കുക. രണ്ട് മണിയോടെ ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പയ്യാമ്പലത്തേക്ക് കൊണ്ടു പോകാൻ കഴിയുമെന്നാണ് കരുതുന്നത്.
കണ്ണൂരിന്റെ മണ്ണിലൂടെ വിലാപയാത്ര ആരംഭിച്ചത് മുതൽ പ്രിയ സഖാവിന് അഭിവാദ്യമർപ്പിക്കുവാൻ സ്ത്രീപുരുഷ ഭേദമന്യേ റോഡിനിരുവശവും ആളുകൾ തടിച്ച് കൂടുകയായിരുന്നു.





0 Comments