കഴക്കൂട്ടം: രാജ്യത്ത് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മത്സ്യതൊഴിലാളികളും രംഗത്തെത്തി. സർക്കാരിനും ആരോഗ്യ മേഖലയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മര്യനാട് തീരദേശ ഗ്രാമത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധനവും വില്പനയും ഉപേക്ഷിച്ചു കൊണ്ട് വീടുകളിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രധാന മത്സ്യ ബന്ധന തീരങ്ങളിൽ ഒന്നാണ് മര്യനാട് മത്സ്യ ഗ്രാമം. ജില്ലയിൽ വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സ്യ ലഭ്യതയുള്ള തീരമാണിവിടം. ആയിരത്തിന് പുറത്ത് മത്സ്യ ബന്ധന എഞ്ചിൻ വള്ളങ്ങളും അയ്യായിരത്തിന് പുറത്ത് മത്സ്യ ബന്ധന തൊഴിലാളി കുടുംബങ്ങളുമാണ് ഈ തീരം വഴി ഉപജീവന നടത്തുന്നത്. ഇന്നലെ ഉച്ചയോട് കൂടി ഓരോരുത്തരും മത്സ്യബന്ധന യാനങ്ങൾ കരയ്ക്കു കയറ്റി വെച്ച് കൊണ്ട് മറ്റുള്ള മത്സ്യത്തൊഴിലാളികൾക്കു കൂടി പ്രചോദനം നൽകി. നിരവധി തവണ ഏറ്റവും കൂടുതൽ മത്സ്യ ലഭ്യതക്കുള്ള കേന്ദ്ര സർക്കാരിൻ്റെ അവാർഡ് സ്വീകരിച്ച മര്യനാട് നിലവിലെ ദുരന്തത്തെ മുന്നിൽ കണ്ട് കൊണ്ടു മത്സ്യ ബന്ധനം നിർത്തി വെച്ചത് സംസ്ഥാനത്തെ മറ്റ് പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് കൂടിയാണ് മാതൃകയാവുന്നത്.
കോവിഡ് 19 നെതിരെ മാതൃകയായി പരമ്പരാഗത മത്സ്യത്തൊഴിലാളികളും രംഗത്ത്





0 Comments