കഴക്കൂട്ടം: കോവിഡ് 19 വൈറസ് സമൂഹ വ്യാപനത്തെ തടുക്കാൻ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യുവിൽ കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, അണ്ടൂർക്കോണം, മുരുക്കുംപുഴ പ്രദേശങ്ങൾ പൂർണ്ണമായും നിശ്ചലമായിരുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും ഇതിനെതിരെ വ്യാപകമായ എതിർപ്പു നില നിന്നെങ്കിലും സംസ്ഥാന ഗവൺമെൻ്റും മുഖ്യമന്ത്രിയും പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യത്തിൻ്റെ ഗൗരവം മനസിലാക്കിയ ജനങ്ങളും പൂർണ്ണമായും സഹകരിക്കുകയായിരുന്നു. കഴക്കൂട്ടത്തെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ജനങ്ങൾ പൂർണ്ണമായും വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. വളരെ കുറഞ്ഞ എണ്ണം സ്വകാര്യ വാഹനങ്ങളും ബൈക്കുകളും ദേശീയ പാതയിൽ കൂടിയും ഇടറോഡുകളിൽ കൂടിയും ഇടവിട്ട് പോകുന്നുണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് യാതൊന്നും സംഭവിക്കുകയില്ലെന്നും, ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന നിലയിലും കുറേപ്പേർ കൂട്ടം കൂടി നിൽക്കുന്നതും തോളിൽ കൈയിട്ടു കൊണ്ടു നടക്കുന്ന യുവത്വങ്ങളെയും വളരെ കുറച്ചെങ്കിലും കാണാമായിരുന്നു. കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത 'ബ്രേക്ക് ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ സാനിറ്റൈസർ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും രാപകലില്ലാതെ പൂർണ്ണമായും മുഴുകിയിരുന്ന വിവിധ പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും അടക്കമുള്ളവരും ജനത കർഫ്യുവിൻ്റെ ഭാഗമായി വീടുകളിൽ തന്നെ കഴിയുകയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ജനത കർഫ്യുവിൽ സഹകരിച്ച് ജനം





0 Comments